ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കലിന് പുതിയ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയേകുന്നു. നിലവില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കരിപ്പൂരില്‍ റണ്‍വേ കൂടി വെട്ടിച്ചുരുക്കിയാല്‍ കരിപ്പൂരിനെ പ്രവാസികള്‍ മറക്കേണ്ടിവരുമെന്ന വലിയ ആശങ്ക ഉയര്‍ന്നിരുന്നു.
ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് പുറമേ കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഇതിന് സര്‍ക്കാര്‍ അംഗീകാരമായി. 64 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവിലെ മാനദണ്ഡപ്രകാരമുള്ള 4.6 ലക്ഷം രൂപയുടെ കൂടെ 5.4 ലക്ഷം കൂടി അധികമായി നല്‍കി 10 ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
വിമാനത്താവളത്തിന്റെ ഇരുവശത്തുനിന്നുമായി 14.5 ഏക്കര്‍ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുക്കുക. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍ പെട്ട സ്ഥലമാണിത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.
മാത്രല്ല, സ്ഥലമേറ്റെടുത്ത് നല്‍കാത്തതിനാല്‍ റണ്‍വേ നീളം കുറയ്ക്കുന്നത് സംബന്ധിച്ച് വിമാനത്താവള ഡയറക്ടറോട് കേന്ദ്ര വ്യോമയാന മന്ത്രാലയം അഭിപ്രായം തേടിയിരുന്നു. ഇതോടെയാണ് വീണ്ടും നടപടികള്‍ വേഗത്തിലാക്കിയത്. റണ്‍വേ വെട്ടിച്ചുരുക്കുന്ന നിര്‍ദ്ദേശം വിമാനത്താവളത്തിന്റെ വികസനത്തെ മാത്രമല്ല ദൈനംദിന പ്രവര്‍ത്തനത്തെയും ബാധിക്കും. റെസനിര്‍മ്മാണം സുരക്ഷയുമായി ബന്ധപ്പെട്ടതും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുമാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
2020ല്‍ കരിപ്പൂരിലെ വിമാന അപകടത്തെ തുടര്‍ന്നാണ് റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി എരിയ) വികസനത്തിന് ആവശ്യമായ സ്ഥലമേറ്റെടുത്ത് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കുമെന്ന് വ്യോമയാന മന്ത്രാലയം പിന്നീട് കേരളത്തിന് മുന്നറിയിപ്പും നല്‍കി. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത് നിര്‍ത്തിയത് കരിപ്പൂരിന് വലിയ ക്ഷീണമാവുകയും ചെയ്തിരുന്നു.
മൂന്ന് വര്‍ഷത്തോളമായി കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങുന്നില്ല. കോഡ് സി വരെയുള്ള വിമാനങ്ങള്‍ക്കാണ് നിലവില്‍ സര്‍വീസ് നടത്താന്‍ അനുമതി. ഇത്തരം വിമാനങ്ങള്‍ക്ക് അഞ്ചു മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാനുള്ള ഇന്ധന സംഭരണ ശേഷിയില്ല. 145 യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങളാണ് കരിപ്പൂരില്‍ ഇത്തവണ ഹജ്ജ് സര്‍വീസിന് ഉപയോഗിച്ചത്. റണ്‍വേ റീ കാര്‍പറ്റിങിന്റെ പേരില്‍ മുമ്പ് 2015ലും വലിയ വിമാനങ്ങള്‍ക്ക് ഇവിടെ അനുമതി നിഷേധിച്ചിരുന്നു.
ജംബോ ജെറ്റുകള്‍ക്ക് അനുമതിയില്ലെങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ കാര്യത്തില്‍ കോഴിക്കോട് വിമാനത്താവളം കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്ത് മൂന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ലോക്‌സഭയില്‍ എസ്ആര്‍ പാര്‍ത്ഥിപന്‍ എം.പിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വികെ സിങ് ആണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോഴാണ് കരിപ്പൂരിന്റെ നേട്ടം. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള നെടുമ്പാശേരി വിമാനത്താവളം 267.17 കോടി രൂപ ലാഭം നേടി