കുവൈറ്റ് സിറ്റി: വിവാഹതരായ ദമ്പതികള്‍ക്ക് നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ പലപ്പോഴും കാലതാമസമെടുക്കാറുണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വേര്‍പിരിഞ്ഞാണ് കുവൈറ്റി ദമ്പതികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം ദാമ്പത്യം നയിച്ചവര്‍ എന്ന വിശേഷണത്തോടെയാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.
മിനിറ്റുകള്‍ക്കുള്ളില്‍ വിവാഹമോചനം സംഭവിക്കാനുള്ള കാരണവും അതിലേറെ ചര്‍ച്ചയായി. തെന്നിവീണതിന് വരന്‍ വിഡ്ഢിയെന്ന് വിളിച്ചതാണ് ഹേതു. വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കിയ വധൂവരന്മാര്‍ വൈവാഹിക കോടതിയില്‍ നിന്ന് ഒരുമിച്ചു പുറത്തിറങ്ങുന്നതിനിടെയാണ് കാല്‍ വഴുതി വധു നിലത്തുവീണത്. കൂടെയുണ്ടായിരുന്ന വരന്‍ നീയൊരു വിഡ്ഢിയാണെന്ന് പറഞ്ഞ് വധുവിനെ പരിഹസിക്കുകയും ചെയ്തു.
തെന്നിവീണതിന് വിഡ്ഢിയെന്ന് വിളിച്ച് അധിക്ഷേപിച്ചതോടെ അരിശം മൂത്ത വധു ഉടനടി ജഡ്ജിയുടെ അടുത്തേക്കു തന്നെ തിരിച്ചുപോവുകയും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ബന്ധം വേര്‍പിരിയാനുള്ള വധുവിന്റെ അഭ്യര്‍ഥന സ്വീകരിച്ച ജഡ്ജി ഇരുവരുടെയും വിവാഹം റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.