അബുദാബി: രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ 47 കാരനായ പ്രവാസി മലയാളി അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ 18 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യത്ത് തങ്ങിയതിനുള്ള പിഴ സംഖ്യ പൂര്‍ണമായും യുഎഇ അധികൃതര്‍ ഒഴിവാക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഔട്ട്പാസ്) നല്‍കുകയും ചെയ്തതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്.
തൃശൂര്‍ ജില്ലക്കാരനായ സുനില്‍കുമാര്‍ 2005ലാണ് യുഎഇയില്‍ ഫോര്‍മാനായി എത്തുന്നത്. താമസിയാതെ സുനിലിന് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞത് തടസമായി. 2007ല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നുവെങ്കിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
യുഎഇയില്‍ പൊതുമാപ്പ് അനുവദിച്ച സമയത്ത് ഔട്ട്പാസ് ലഭിച്ചെങ്കിലും ആരോഗ്യം വഷളായതോടെ യാത്രചെയ്യാനായില്ല. സുനിലിന്റെ ദൈന്യത അജ്മാനിലെ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം വൈസ് പ്രസിഡന്റ് രതീഷ് എടത്തിട്ട ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സന്നദ്ധസേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനായ പ്രവീണ്‍കുമാറിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കി. സുനിലിന്റെ മുന്‍ പാസ്പോര്‍ട്ട് വായിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍സുലേറ്റിന് കൊച്ചിയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ സുനിലിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടി വന്നു. 2023 ഒക്ടോബറില്‍ മറ്റൊരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ സുനിലിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ തന്നെ തുടരേണ്ടിവന്നു.
തുടര്‍ന്നാണ് വീല്‍ചെയര്‍ ടിക്കറ്റില്‍ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍, സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി സാമൂഹിക പ്രവര്‍ത്തകര്‍ കോണ്‍സുലേറ്റില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു. കൊച്ചിയിലേക്കുള്ള വീല്‍ചെയര്‍ ടിക്കറ്റും രോഗിയുടെ കൂടെ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള നോണ്‍-മെഡിക്കല്‍ എസ്‌കോര്‍ട്ട്് ഫണ്ടും അനുവദിച്ചു.
ഇത്രയും കാലത്തെ അനധികൃത താമസത്തിനുള്ള ഭീമമായ പിഴ യുഎഇ അധികൃതര്‍ ഒഴിവാക്കി നല്‍കിയതോടെയാണ് മടക്കയാത്ര സാധ്യമായതെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് കോണ്‍സുലേറ്റ് പുതിയ ഔട്ട്പാസ് നല്‍കുകയായിരുന്നു. ജനുവരി നാല് വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ സുനിലിനെ നോര്‍ക്കയുടെ സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രേഖകള്‍ നഷ്ടമായതിനാല്‍ യുഎഇയില്‍ കുടുങ്ങിപ്പോയ മലയാളിയായ 49കാരന്‍ മുഹ്‌സിന്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കഴിഞ്ഞ സപ്തംബറില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.