Gulf

തെലുങ്കിലും ‘സീൻ മാറ്റാൻ’ തുടങ്ങി; ആദ്യ ദിനത്തിൽ റെക്കോർഡ് ടിക്കറ്റ് ബുക്കിങ്ങുമായി മഞ്ഞുമ്മൽ ബോയ്സ്

Published

on

തെലുങ്കിലും റെക്കോർഡ് തുടക്കവുമായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ മുതലാണ് പ്രദർശനം ആരംഭിച്ചത്. ആദ്യ ദിനം പിന്നിടുമ്പോൾ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമയുടെ തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആദ്യദിനത്തിൽ ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റുപോയത്. ‘ഓൾ ടൈം റെക്കോർഡുമായി ബോയ്സ് അവരുടെ യാത്ര തുടങ്ങി’ എന്നാണ് മൈത്രി മൂവി മേക്കേഴ്‌സ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

സിനിമയ്ക്ക് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ചെറിയ ബഡ്ജറ്റിൽ മികച്ച ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്’ എന്ന് ഒരു പ്രേക്ഷകൻ പറയുന്നു. ഏറ്റവും ‘മികച്ച സർവൈവൽ ത്രില്ലറുകളിൽ ഒന്ന്’, ‘സൗഹൃദത്തെ ഏറ്റവും ഭംഗിയായി കാണിച്ച ചിത്രം’, ‘രണ്ട് തവണ ഈ സിനിമ കണ്ടു, ഗംഭീരം’ എന്നിങ്ങനെ പോകുന്നു സിനിമയെക്കുറിച്ചുള്ള തെലുങ്ക് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ഇത് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ് എന്ന് അറിയുമ്പോൾ തെലുങ്ക് പ്രേക്ഷകർ തിയേറ്ററിൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്കിൽ ചിത്രം വിതരണം ചെയ്യുന്നത്. ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version