ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സപ്തതിയോട് അനുബന്ധിച്ച ഒരുക്കങ്ങളുമായി ഡിഎംകെ. സ്റ്റാലിന്റെ 70-ാം പിറന്നാൾ ദിനമായ മാർച്ച് ഒന്നിന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ പിറന്നാൾ ആഘോഷിക്കും. ഇതേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ എന്നിവയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാലിന്റെ ഫോട്ടോ പ്രദർശനം നടനും മക്കൾ നീതിമയ്യം തലവൻ കമലഹാസൻ ഉദ്ഘാടനം ചെയ്യും.
കർഷകർക്ക് വൃക്ഷത്തൈ, രക്തദാന ക്യാംപുകൾ, വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ, സമൂഹസദ്യ, മധുരവിതരണം, നേത്രപരിശോധന അടക്കം സംസ്ഥാനവ്യാപകമായി വൻ ക്ഷേമപരിപാടികളും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജമ്മു കശ്മിർ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ക്രിക്കറ്റ്, കബഡി ടൂർണമെന്റുകളും മാരത്തണുകളും പിറന്നാളിനോട് അനുബന്ധിച്ച് നടത്തുമെന്നും ഡിഎംകെ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് എം കെ സ്റ്റാലിന്റെ 70-ാം പിറന്നാൾ ദിന ആഘോഷത്തിൽ പങ്കുചേരുക എന്നാണ് വിവരം. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, ട്രഷറൽ ടി ആർ ബാലു എന്നിവർ നേതാവിന് പ്രത്യേക അനുമോദനങ്ങൾ അർപ്പിക്കും.