അബുദാബി: ഇതാണ് ശരിക്കും ലോട്ടറി. അടുത്ത 25 വര്‍ഷത്തേക്ക് ഇനി ജോലി ചെയ്തില്ലെങ്കിലും പണത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. എല്ലാ മാസവും 25,000 ദിര്‍ഹം (ഏകദേശം 5,65,000 രൂപ) വീതം അക്കൗണ്ടിലെത്തും. ഒറ്റയടിക്ക് വലിയ തുക ഒരുമിച്ച് കിട്ടി ചെലവഴിച്ച് പെട്ടുപോവുകയുമില്ല. യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോയിലെ ഈ സമ്മാനം ഇത്തവണ തമിഴ്‌നാട് സ്വദേശിക്കാണ്. മഗേഷ് കുമാര്‍ നടരാജന്‍ ആണ് ആ ഭാഗ്യശാലി.
പ്രവാസിയല്ലാത്ത ഒരു വിദേശിക്ക് ആദ്യമായാണ് 25 വര്‍ഷത്തേക്ക് രണ്ടാം ശമ്പളം’ എന്നറിയപ്പെടുന്ന ഫാസ്റ്റ്-5 ഗ്രാന്‍ഡ് പ്രൈസ് എന്ന അപൂര്‍വ ഭാഗ്യസമ്മാനം ലഭിക്കുന്നത്. യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ, ദുബായ് മഹ്‌സൂസ്, അബുദാബി ബിഗ് ടിക്കറ്റ് തുടങ്ങിയ പ്രമോഷനല്‍ നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയും കോടികളും ലക്ഷങ്ങളും വാരിക്കൂട്ടുന്ന ഇന്ത്യക്കാര്‍ നിരവധിയുണ്ടെങ്കിലും യുഎഇക്ക് പുറത്തെ ആദ്യ വിജയിയാണ് മഗേഷ് കുമാര്‍.
ഇലക്ട്രോണിക് നറുക്കെടുപ്പില്‍ അഞ്ച് നമ്പറുകളും ഒത്തുവന്നതായി മൊബൈല്‍ ആപ്പില്‍ പരിശോധിച്ചപ്പോള്‍ മനസിലായെങ്കിലും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകരില്‍ നിന്ന് കോള്‍ വന്നപ്പോഴാണ് ഉറപ്പിച്ചതെന്നും മഗേഷ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു.
തമിഴ്‌നാട്ടിലെ അമ്പൂരില്‍ പ്രോജക്ട് മാനേജരാണ് 49 കാരനായ മഗേഷ് കുമാര്‍. സൗദി അറേബ്യയിലെ നാല് വര്‍ഷത്തെ ജോലി അസൈന്‍മെന്റാണ് തന്റെ വിജയത്തിലേക്കുള്ള വഴിത്തിരിവായതെന്ന് അദ്ദേഹം പറയുന്നു. 2019 മുതല്‍ ഈ വര്‍ഷം ആദ്യം വരെയാണ് ഈ ജോലി ചെയ്തിരുന്നത്. ദുബായ് വഴിയുള്ള യാത്രയ്ക്കിടെയാണ് നഗരത്തിലെ ജനപ്രിയ നറുക്കെടുപ്പുകളെക്കുറിച്ച് മനസിലാക്കി പങ്കെടുക്കാന്‍ തുടങ്ങിയത്.
കിട്ടുന്ന തുകയില്‍ നിന്ന് ഒരു പങ്ക് സമൂഹത്തിന് തിരിച്ചുനല്‍കാനും പാവപ്പെട്ടവരെ സഹായിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായും കുടുംബത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കാനും നിക്ഷേപിക്കുമെന്നും മഗേഷ് കൂട്ടിച്ചേര്‍ത്തു. താന്‍ ശരിക്കും ഭാഗ്യവാനാണെന്ന് പറഞ്ഞ മഗേഷ് എമിറേറ്റ്‌സ് ഡ്രോയിലെ ടിക്കറ്റ് വില്‍പ്പന രീതിയും അര്‍ത്ഥപൂര്‍ണവും ക്രിയാത്മകവുമായ സമ്മാനത്തുക വിതരണ രീതിയും ആകര്‍ഷകമാണെന്നും അഭിപ്രായപ്പെട്ടു.
ഇത്രയും ഹ്രസ്വമായ കാലയളവില്‍ മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവിനെ ലഭിച്ചത് ഗ്രാന്‍ഡ് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ ഫാസ്റ്റ്-5 ന്റെ സമാനതകളില്ലാത്ത വേഗതയാണ് വീണ്ടും തെളിയിക്കുന്നതെന്ന് എമിറേറ്റ്‌സ് നറുക്കെടുപ്പിലെ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് ബെഹ്‌റൂസിയന്‍ അലവാദി പറഞ്ഞു. ആഗോളതലത്തില്‍ കഴിയുന്നത്ര പേരുടെ ജീവിതത്തെ മനോഹരമായി പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമാസം 25,000 ദിര്‍ഹം വീതം 25 വര്‍ഷത്തേക്ക് സമ്മാനം നല്‍കുന്നതാണ് എമിറേറ്റ്‌സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ സമ്മാനം മുമ്പ് ലഭിച്ചിട്ടുണ്ട്. സ്ഥിരമായ വരുമാനവും സമാനതകളില്ലാത്ത സാമ്പത്തിക സുരക്ഷയും ഉറപ്പുല്‍കുന്ന സമ്മാനമാണിത്. എമിറേറ്റ്‌സ് ഡ്രോ വെബ്‌സൈറ്റ് വഴിയോ ആപ്പിലൂടെയോ 25 ദിര്‍ഹം ടിക്കറ്റ് വാങ്ങി ആര്‍ക്കും മല്‍സരത്തിന്റെ ഭാഗമാവാം. മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.