റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് (എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ (Qiwa) പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്.
കമ്പനികളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ തന്നെ ഇനി മുതല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കരാര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഖിവ പ്ലാറ്റ്‌ഫോമിലെ വ്യക്തികളുടെ അക്കൗണ്ട് വഴി തൊഴിലാളിക്ക് ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ സ്ഥാപനങ്ങളിലേക്ക് ജോലി മാറുമ്പോള്‍ പരിചയസമ്പത്ത് തെളിയിക്കുന്നതിന്
സ്വകാര്യ മേഖലാ ജീവനക്കാരോട് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില കമ്പനികല്‍ വൈമനസ്യം കാണിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തിനാണ് ഖിവ പ്ലാറ്റ്‌ഫോമിലൂടെ പരിഹാരമാവുന്നത്. കമ്പനികളുടെ അനുവാദമില്ലാതെ തന്നെ ലളിതമായ നടപടിക്രമങ്ങളിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സേവനമാണ് ഇപ്പോള്‍ ആരംഭിച്ചത്.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വിപുലമായ ഡിജിറ്റല്‍ സേവനങ്ങളാണ് ഖിവ പ്ലാറ്റ്‌ഫോമിലൂടെ നല്‍കിവരുന്നത്. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും സൗദി തൊഴില്‍ വിപണിയെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായി ഉയര്‍ത്താനും ഖിവ ലക്ഷ്യമിടുന്നു. വാണിജ്യ മേഖലയില്‍ 130ലധികം ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാക്കും.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഖിവ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിച്ചുവരുന്നത്. സാധ്യമായ മുഴുവന്‍ സേവനങ്ങളും ഖിവയുടെ കീഴില്‍ ഡിജിറ്റല്‍ രീതിയില്‍ നല്‍കാന്‍ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഹ്യൂമന്‍ റിസോഴ്‌സ്, സോഷ്യല്‍ ഡെവലപ്‌മെന്റ് സേവനങ്ങളും തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങളും ക്വിവയില്‍ ലഭ്യമാണ്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ സൗദി ജീവനക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നത് നിരീക്ഷിക്കാനും ഖിവയില്‍ സംവിധാനമുണ്ട്. സ്വകാര്യ കമ്പനികള്‍ പരിശീലനം നല്‍കിയതിന്റെ റിപ്പോര്‍ട്ട് ഖിവയില്‍ പ്രസിദ്ധപ്പെടുത്തണം. 50 തൊഴിലാളികലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം. വര്‍ഷത്തിന്റെ അവസാനത്തിലാണ്
പരിശീലന വിവരങ്ങള്‍ ഖിവയില്‍ ചേര്‍ക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍റാജ്ഹി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം പരിശീലനം നല്‍കുന്നതിന് നീക്കിവച്ച തുകയും വര്‍ഷാവസാനം കമ്പനികള്‍ ഖിവയെ അറിയിക്കണം. ഒരു വര്‍ഷം ലഭിച്ച സ്വദേശികളുടെ പേര് വിവരങ്ങള്‍, പരിശീലനം ലഭിച്ച മണിക്കൂറുകള്‍, എന്തൊക്കെ പരിശീലനങ്ങള്‍ നല്‍കി തുടങ്ങിയ കാര്യങ്ങളും അപ്‌ലോഡ് ചെയ്യണം. സ്വദേശിവത്കരണം നടപ്പാക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് പരിശീലന പദ്ധതി.