Gulf

സ്വീഡനെതിരേ പ്രതിഷേധം കനക്കുന്നു; പ്രത്യേക ക്ഷണിതാവ് പദവി റദ്ദാക്കി ഒഐസി

Published

on

ജിദ്ദ: സ്റ്റോക്ക്‌ഹോമില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാന്‍ സ്വീഡിഷ് അധികൃതര്‍ തുടര്‍ച്ചയായി അനുമതി നല്‍കിയെന്നാരോപിച്ച് സ്വീഡന്റെ പ്രത്യേക ക്ഷണിതാവ് പദവി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചത് നിരവധി രാജ്യങ്ങളില്‍ രോഷത്തിനും ബഹുജന പ്രതിഷേധത്തിനും കാരണമാക്കിയതിനു പിന്നാലെയാണ് നടപടി.

വിശുദ്ധ ഖുര്‍ആനിന്റെയും ഇസ്‌ലാമിക ചിഹ്നങ്ങളുടെയും പവിത്രത ആവര്‍ത്തിച്ച് ദുരുപയോഗം ചെയ്യാന്‍ സ്വീഡിഷ് അധികൃതര്‍ അനുമതി നല്‍കിയതാണ് പദവി റദ്ദാക്കാന്‍ കാരണമെന്ന് 57 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവിച്ചു. സ്വീഡന്റെ തലസ്ഥാനത്ത് ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചിരുന്നു. സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായി സ്വീഡനില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വംശജനായ ഒരു ഇറാഖി പൗരന്‍ കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോക്ക്‌ഹോമിലെ ഇറാഖി എംബസിക്ക് മുന്നില്‍വച്ച് വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ വിശുദ്ധ ഖുറാന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് ജൂലൈ രണ്ടിന് ചേര്‍ന്ന ഒഐസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തിന് തുടര്‍ച്ചയായാണ് നടപടി. അധികാരികളുടെ സമ്മതത്തോടെ വിശുദ്ധ ഖുര്‍ആനിന്റെയും മറ്റ് ഇസ്ലാമിക മൂല്യങ്ങളുടെയും ചിഹ്നങ്ങളുടെയും അവഹേളനം ഏതെങ്കിലും രാജ്യത്ത് നിന്ന് ഉണ്ടായാല്‍ ആ രാജ്യത്തിന്റെ പ്രത്യേക പദവി താല്‍ക്കാലികമായി നിര്‍ത്തുന്നത് പരിഗണിക്കാന്‍ കമ്മിറ്റി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം അറിയിച്ച് സ്വീഡന്റെ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി ഒഐസി അറിയിച്ചു.

വെള്ളിയാഴ്ച ഡെന്മാര്‍ക്കില്‍ വിശുദ്ധ ഖുറാന്‍ പരസ്യമായി കത്തിച്ചത് ഇറാഖില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അവയില്‍ ചിലത് അക്രമാസക്തമായി. ഡാനിഷ് എംബസി സ്ഥിതിചെയ്യുന്ന ബാഗ്ദാദിലെ ഗ്രീന്‍ സോണിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. ബസ്രയില്‍, പ്രകടനക്കാര്‍ ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സിലിന്റെ ഓഫിസിന് തീയിട്ടു.

ഖുര്‍ആന്‍ കത്തിച്ചതിനെ ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച അപലപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളും മറ്റ് മതചിഹ്നങ്ങളും കത്തിക്കുന്നത് മറ്റുള്ളവരുടെ മതത്തെ അനാദരിക്കുന്ന ലജ്ജാകരമായ പ്രവൃത്തിയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അനേകം ആളുകളെ വേദനിപ്പിക്കുകയും വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന പ്രകോപനപരമായ പ്രവൃത്തിയാണിതെന്നും എന്നാല്‍, ആവിഷ്‌കാര സ്വാതന്ത്ര്യവും ഒത്തുകൂടാനുള്ള സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ കത്തിക്കാന്‍ ആവര്‍ത്തിച്ച് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് യുഎഇ, സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സ്വീഡന്‍ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ അവഗണിച്ചുവെന്നും സാമൂഹിക മൂല്യങ്ങളോട് അനാദരവ്കാട്ടിയെന്നും യുഎഇ സ്വീഡന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഔദ്യോഗികമായി കൈമാറിയ കുറിപ്പില്‍ വിമര്‍ശിച്ചു. അപമാനകരമായ പ്രവൃത്തികള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സ്വീഡിഷ് അധികാരികളോട് രാജ്യം അഭ്യര്‍ത്ഥിക്കുന്ന പ്രതിഷേധ കുറിപ്പ് സൗദിയും സ്വീഡന്‍ എംബസിയിലെ ചാര്‍ജെ ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി കൈമാറിയിരുന്നു. നിന്ദ്യമായ ഇത്തരം നടപടികള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കിക്കൊണ്ടുള്ള സ്വീഡിഷ് അധികാരികളുടെ ആവര്‍ത്തിച്ചുള്ളതും നിരുത്തരവാദപരവുമായ നടപടികളെ ശക്തമായി അപലപിക്കുന്നതായി സൗദി പ്രസ്താവിച്ചു. ഇറാഖ് സ്വീഡിഷ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version