തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ. ആക്ഷൻ മാസ് എന്റർടെയ്നർ വീക്കെൻഡിലും തകർപ്പൻ നേട്ടം സ്വന്തമാക്കി. ഞായറാഴ്ച മാത്രം കേരളത്തില്‍ രണ്ട് കോടി രൂപയിലധികം ടര്‍ബോ നേടിയെന്നാണ് റിപ്പോർട്ട്. ഓപ്പണിങ് ദിനം മാത്രം ആറ് കോടി സ്വന്തമാക്കിയ ചിത്രം 11 ദിവസം പിന്നിടുമ്പോഴും മികച്ച കളക്ഷൻ മെയ്ൻടെയ്ൻ ചെയ്ത് കൊണ്ടുപോകുന്നുണ്ട് എന്ന് വേണം കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കാൻ.
ഈ വർഷം കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോയാണ് ഒന്നാമത്. മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ 5.85 കോടിയുമായി കേരളത്തില്‍ രണ്ടാമതും പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് റിപ്പോർട്ട്. കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. ആദ്യ എട്ട് ദിനങ്ങളില്‍ 2.25 കോടിയാണ് കര്‍ണാടക കളക്ഷന്‍. തമിഴ്നാട്ടില്‍ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.
സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. വൈശാഖ് സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കൈയടി നൽകി സ്വീകരിച്ചിട്ടുണ്ട്.