അബുദാബി: യുഎഇ ബഹിരാകാശയാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി ആറു മാസത്തത്തിലേറെ ബഹിരാകാശവാസത്തിനു ശേഷം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. അല്‍ നെയാദിയുമായി ബഹിരാകാശ വാഹനമായ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ മടക്കയാത്ര ആരംഭിച്ചു. 17 മണിക്കൂര്‍ പറക്കലിന് ശേഷം, ഇന്ന് തിങ്കളാഴ്ച യുഎഇ സമയം ഏകദേശം 8:07ന് ഫ്‌ലോറിഡ തീരത്ത് പേടകം പതിക്കും.
സെപ്റ്റംബര്‍ മൂന്നിന് ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് വിജയകരമായി അണ്‍ഡോക്ക് ചെയ്തതായി നാസ അറിയിച്ചു. അല്‍ നെയാദിയുടെ മറ്റ് ക്രൂ6 അംഗങ്ങളായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് തുടങ്ങിയവരും ഒപ്പമുണ്ട്. അല്‍ നെയാദി ഇന്ന് തിരിച്ചെത്തുമെന്ന് ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി) അറിയിച്ചു.
2023 മാര്‍ച്ച് രണ്ടിനാണ് ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ സംഘം യാത്രതിരിച്ചത്. തൊട്ടടുത്ത ദിവസം ബഹിരാകാശ നിലയത്തില്‍ ഇറങ്ങുകയും ചെയ്തു. 186 ദിവസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ അല്‍ നെയാദി ഏഴ് മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കി. അല്‍ നെയാദി സൗദി ബഹിരാകാശ സഞ്ചാരികളായ അലി അല്‍ ഖര്‍നി, റയ്യാന ബര്‍നാവി എന്നിവരോടൊപ്പം മെയ് മാസത്തില്‍ എട്ട് ദിവസം പ്രവര്‍ത്തിച്ചു.
ബഹിരാകാശത്ത് താമസിച്ചിരുന്ന സമയത്ത്, അല്‍ നെയാദി ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതിശയകരമായ കാഴ്ചകള്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നേട്ടങ്ങളും വെല്ലുവിളികളും പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്യുകയുണ്ടായി.
ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഏറ്റവും കൂടുതല്‍ കാലം താമസിച്ച യുഎഇ ബഹിരാകാശ സഞ്ചാരി എന്നീ ചരിത്രനേട്ടങ്ങളുമായാണ് അല്‍ നെയാദി തിരിച്ചെത്തുന്നത്. ശനിയാഴ്ച മടക്കയാത്ര ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 31 വ്യാഴാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് ആദ്യം അന്‍ഡോക്ക് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 200ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയാണ് നെയാദി മടങ്ങുന്നത്.