കുവൈറ്റ് സിറ്റി: സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായുള്ള ഡീസല്‍ കുറഞ്ഞ വിലയ്ക്ക് അനധികൃതമായി മറിച്ചു വിറ്റതിന് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ കുവൈറ്റില്‍ അറസ്റ്റിലായി. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
നിയമപരമായ ചട്ടങ്ങള്‍ ലംഘിച്ച് ആവശ്യമായ ലൈസന്‍സില്ലാതെ സബ്സിഡിയുള്ള ഡീസല്‍ വാങ്ങുകയും അവ കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ കൈയോടെ പിടികൂടിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു സംഭവത്തില്‍, കൈക്കൂലി വാങ്ങി വിസകള്‍ തരപ്പെടുത്തിക്കൊടുത്ത കേസില്‍ നാലു പേരെ കുവൈറ്റ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. 10 റസിഡന്‍സി പെര്‍മിറ്റുകള്‍ക്ക് ഒരെണ്ണത്തിന് 500 കുവൈറ്റ് ദിനാര്‍ വീതമാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. കേസില്‍ ഒരു ഇന്‍സ്പെക്ടര്‍, ഒരു കുവൈറ്റ് പൗരന് എന്നിവര്‍ ഉള്‍പ്പെടെയാണ് നാലു പേരെ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവിനും 4,000 ദിനാര്‍ പിഴയ്ക്കും ശിക്ഷിച്ചത്. കൈക്കൂലി നല്കി റസിഡന്‍സി പെര്‍മിറ്റ് വാങ്ങിയ മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. കുവൈറ്റ് പോലിസിലെ രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കുവൈറ്റ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിനായിരുന്നു ഒരു വിസയ്ക്ക് 500 ദിനാര്‍ വച്ച് കൈക്കൂലി വാങ്ങിയത്.
അതിനിടെ, ഹൈസ്കൂള്‍ പരീക്ഷാ പേപ്പര്‍ വാട്ട്സ്ആപ്പ് വഴി ചോര്‍ത്തി നല്കി പണം പറ്റിയ കേസില്‍ രണ്ട് സ്വദേശി പൗരന്മാരെ കുവൈറ്റ് കോടതി ജയിലിലടച്ചു. കേസില്‍ ഉള്‍പ്പെട്ട ഒരു ഈജിപ്ഷ്യന്‍ പ്രവാസിയെ ഇതേ കാലയളവിലേക്ക് തടവ് ശിക്ഷയ്ക്കും വിധിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ശിക്ഷ. ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.