Gulf

സ്‌റ്റൈറോഫോം കപ്പുകള്‍ക്ക് അബുദാബിയില്‍ വിലക്ക്; ജൂണ്‍ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും

Published

on

അബുദാബി: പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അടുത്ത മാസം മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള ഫോം കപ്പുകള്‍ക്ക് നിരോധം വരും. ജൂണ്‍ ഒന്ന് മുതലാണ് സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തെര്‍മോകോള്‍, സ്റ്റൈറോഫോം തുടങ്ങിയ പോളിസ്ട്രീന്‍ കൊണ്ട് നിര്‍മിക്കുന്ന പാത്രങ്ങള്‍ക്കാണ് ജൂണ്‍ ഒന്ന് മുതല്‍ നിരോധം നിലവില്‍ വരുന്നത്. സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍, പാത്രങ്ങള്‍, മൂടികള്‍ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. പരിസ്ഥിതി സൗഹൃദമല്ലാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന ഫോം സ്റ്റോറേജുകല്‍, കൂളറുകള്‍ എന്നിവക്ക് വിലക്ക് ബാധകമല്ല. പഴം, ഇറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ട്രേകള്‍ എന്നിവക്കും നിരോധത്തില്‍ ഇളവുണ്ടെന്ന് അബൂദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുന്നതിന്റെ തുടര്‍ച്ചാണ് പുതിയ നടപടി. മാലിന്യം കുറക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഏജന്‍സിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ. ശൈഖ അല്‍ ദഹേരി പറഞ്ഞതായി അബുദാബി മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടും അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിലുമാണ് സ്റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. പ്രകൃതി സൗഹൃദവും സുസ്ഥിര ബദലുകളുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ നിരോധനത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ എന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version