റിയാദ്: തൊഴില്‍-താമസ രേഖകളില്ലാതെ കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള പരിശോധന സൗദി അറേബ്യയില്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19,199 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവരെ ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.
ഫെബ്രുവരി 8 മുതല്‍ ഫെബ്രുവരി 14 വരെയുള്ള കാലയളവില്‍ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ ഫീല്‍ഡ് സെക്യൂരിറ്റി കാമ്പെയ്നിനിടെയാണ് ഇത്രയധികം പേര്‍ പിടിയിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരില്‍ 11,742 താമസ രേഖ ഇല്ലാത്തവരാണ്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 4,103 പേരും തൊഴില്‍ നിയമം ലംഘിച്ചതിന് 3,354 പേരും പിടിക്കപ്പെട്ടു. രാജ്യത്ത് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 916 പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേനയുടെ പിടിയിലായത്. അവരില്‍ 46 ശതമാനം യെമന്‍ പൗരന്മാരും 53 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.
സൗദിയില്‍ നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 101 പേരും അറസ്റ്റിലായി. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് സഹായം ചെയ്ത
മറ്റ് 11 പേരെയും അറസ്റ്റ് ചെയ്തു. താമസം, ജോലി, യാത്രാസൗകര്യം, അഭയം എന്നിവ നല്‍കിയതിനാണ് നടപടി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,813 നിയമലംഘകരെ സൗദി നാടുകടത്തി. 57,532 പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവരില്‍ 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉള്‍പ്പെടുന്നു. 50,525 നിയമലംഘകരെ പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖഖളോ ലഭിക്കുന്നതിന് അതാത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. രേഖകള്‍ ലഭിച്ച 1,592 നിയമലംഘകരെ തിരിച്ചയക്കുന്നതിന് യാത്രാ റിസര്‍വേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഏതെങ്കിലും തരത്തില്‍ സഹായം ചെയ്യുന്നത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും സൗദിയിലെ മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.