ജിദ്ദ: സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ (പുരുഷ രക്ഷകര്‍ത്താവ്) ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം പ്രോല്‍സാഹിപ്പിക്കണമെന്ന് സൗദി അറേബ്യയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 2024ലെ ഹജ് കരാര്‍ ഒപ്പുവെച്ച ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
മെഹ്റം ഇല്ലാതെ സ്ത്രീകളെ ഹജ്ജ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശം കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം നല്‍കാനും ഉള്‍ക്കൊള്ളാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്ന് സ്മൃതി ഇറാനി എക്‌സ് പ്ലാറ്റ്‌പോമില്‍ കുറിച്ചു.
വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാനും ജിദ്ദയില്‍ വെച്ച് ഉഭയകക്ഷി ഹജ്ജ് കരാര്‍-2024ല്‍ ഒപ്പുവച്ചു. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,75,025 പേര്‍ ഹജ്ജിനെത്തും. 1,40,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീവിലും 35,005 തീര്‍ഥാടകര്‍ സ്വകാര്യ ഓപറേറ്റര്‍മാര്‍ വഴിയുമാണ് ഹജ്ജ് നിര്‍വഹിക്കുക.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ഹജ് കരാര്‍-2024 ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സൗദി ഹജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമായി പരസ്പര താല്‍പര്യമുള്ള കാര്യങ്ങളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും ഇറാനി എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
തീര്‍ത്ഥാടകരുടെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റലായി നല്‍കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യത്തില്‍ സൗദി അധികൃതര്‍ ആത്മാര്‍ത്ഥമായ അഭിനന്ദനം പ്രകടിപ്പിച്ചതായും മന്ത്രി പഞ്ഞു. ഹാജിമാര്‍ക്ക് സൗകര്യമൊരുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് എല്ലാ സഹായവും പിന്തുണയും സൗദി വാഗ്ദാനം ചെയ്തു. തീര്‍ഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ചചെയ്തതായി അവര്‍ അറിയിച്ചു.
സൗദി ഭരണകൂടത്തിന്റെ സഹകരണ മനോഭാവത്തെ ആഴത്തില്‍ വിലമതിക്കുന്നതായും ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തമായ തുടര്‍ച്ച പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രസ്താവിച്ചു. സന്ദര്‍ശനം തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഈ ബന്ധത്തില്‍ ഹജ്ജ് സുപ്രധാന ഘടകമായി വര്‍ത്തിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഹജ്ജ് കരാര്‍ ഒപ്പുവെച്ച ശേഷം മന്ത്രിമാരായ ഇറാനിയും മുരളീധരനും ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചു. തീര്‍ത്ഥാടകരുടെ യാത്രാക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും അവരുടെ സൗകര്യാര്‍ത്ഥം മെച്ചപ്പെട്ട ലോജിസ്റ്റിക്‌സും നിരീക്ഷണ സംവിധാനങ്ങളും സുഗമമാക്കുന്നതിനും ഒരുക്കിയ സൗകര്യങ്ങള്‍ ഇരുവരും വീക്ഷിച്ചു.
നൂതന സംവിധാനങ്ങളിലൂടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരമാവധി പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ആശയ വിനിമയത്തിനും സഹകരണത്തിനുമുള്ള വഴികളും സാധ്യതകളും തേടുമെന്ന് മറ്റൊരു പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് മന്ത്രിമാര്‍ സൗദിയിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ ഖാന്‍, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ജിദ്ദ വിമാനത്താവളത്തില്‍ അവരെ സ്വീകരിച്ചു.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിയായും സേവനമനുഷ്ഠിക്കുന്ന സ്മൃതി ഇറാനി, സൗദിയിലെ ഇന്ത്യന്‍ വ്യവസായികളുമായും ഇന്ത്യന്‍ പ്രവാസികളുമായും കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ജിദ്ദയില്‍ സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹജ്ജ്-ഉംറ കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലും അവര്‍ പങ്കെടുക്കും.