ഫുട്ബോൾ ലോകത്ത് ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു താരം പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആണെന്ന് നിസംശയം പറയാം. ലോക ഫുട്‌ബോളിൽ മദ്യപിക്കില്ലാത്ത വളരെ ചുരുക്കം കളിക്കാരിൽ ഒരാളാണ് സി ആർ 7. ഇംഗ്ലീഷ് സ്‌ട്രൈക്കറും ജർമൻ ബുണ്ടസ് ലിഗ കളിക്കാരനുമായ ഹാരി കെയ്ൻ, വെയ്ൽസ് താരം ഗാരെത് ബെയ്ൽ തുടങ്ങിയവരെല്ലാം ആരോഗ്യം സംരക്ഷിക്കുന്നതിനായി മദ്യത്തെ അകറ്റി നിർത്തുന്നവരാണ്.
അച്ഛൻ മദ്യപാനം മൂലം മരിച്ചതും 15 -ാം വയസിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നതുമാണ് മദ്യത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അകറ്റി നിർത്തിയത്. മദ്യപാനം പോലുള്ള ദുശീലങ്ങൾ ഇല്ലെന്നതു മാത്രമല്ല, അതികഠിനമായി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന ആളാണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2023 ജനുവരി ഒന്ന് മുതൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയുടെ കളിക്കാരനാണ് ക്രിസ്റ്റ്യാനോ.
ഡിസംബർ 30 നായിരുന്നു 2023 – 2024 സീസൺ സൗദി പ്രൊ ലീഗിലെ അവസാന മത്സരം. തുടർന്ന് ഇടവേളയ്ക്കു പിരിഞ്ഞ സൗദി പ്രൊ ലീഗ് ഇനി പുനരാരംഭിക്കുന്നത് ഫെബ്രുവരിയിൽ മാത്രം. ഒരു മാസത്തിൽ അധികം ഇടവേളയാണ് സൗദി പ്രൊ ലീഗിൽ ഇപ്പോഴുള്ളത്. അവധിക്കാലത്തും ആരോഗ്യം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് സി ആർ 7 എന്നതാണ് ആരാധകരെ അദ്ഭുതപ്പെടുത്തുന്നത്. തന്റെ വ്യായാമങ്ങളുടെ ദൃശ്യം ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതു കണ്ട് ആരാധകർ അദ്ഭുതപ്പെട്ടു, അവധിക്കാലത്തും റൊണാൾഡോ എത്രമാത്രം കഠിനമായാണ് ആരോഗ്യം സംരക്ഷിക്കുന്നത് എന്നോർത്ത്!
ജിംനേഷ്യത്തിൽ മണിക്കൂറുകൾ ചിലവഴിക്കുന്നതിന് ഒപ്പം കൃത്യവും ചിട്ടയുമുള്ള ഭക്ഷണവുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരോഗ്യത്തിന്റെ കാതൽ. 38 -ാം വയസിലും ഇതെല്ലാം പാലിക്കുന്നു എന്നതാണ് സി ആർ 7 ന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ശരീര സൗന്ദര്യത്തിൽ ഫുട്‌ബോൾ കളത്തിൽ റൊണാൾഡോയെ വെല്ലാൻ ആളില്ല എന്നതും മറ്റൊരു വാസ്തവം.
അതേ സമയം 2023 – 2024 സൗദി പ്രൊ ലീഗിൽ ഏറ്റവും കൂടുതൽ ഗോളും ഏറ്റവും കൂടുതൽ അസിസ്റ്റും നിലവിൽ ഉള്ള കളിക്കാരനാണ് ഇദ്ദേഹം. 20 ഗോളും ഒമ്പത് അസിസ്റ്റും സൗദി പ്രൊ ലീഗിൽ ഇതുവരെ ക്രിസ്റ്റ്യാനോ നടത്തി. ഫെബ്രുവരി 15 നാണ് സൗദി പ്രൊ ലീഗിൽ അൽ നസർ എഫ് സിക്ക് ഇനി മത്സരം ഉള്ളത്. അൽ ഫത്തേഹ് എഫ് സി ആണ് അൽ നസറിന്റെ എതിരാളി. ഇതിനിടെ ലയണൽ മെസിയുടെ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി ഉൾപ്പെടെയുള്ള നാല് ക്ലബ്ബുകളുമായി അൽ നസർ എഫ് സിക്ക് സൗഹൃദ മത്സരങ്ങളുണ്ട്.
ഫെബ്രുവരി 14ന് എ എഫ് സി ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടവും അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസറിനുണ്ട്. സൗദി പ്രൊ ലീഗിൽ 19 മത്സരങ്ങളിൽ 46 പോയിന്റുമായി അൽ ഹിലാലിനു ( 53 പോയിന്റ് ) പിന്നിൽ രണ്ടാം സ്ഥാനത്താണ് അൽ അലാമി.
ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം അരങ്ങേറുന്ന അൽ നസറും ഇന്റർ മയാമിയും തമ്മിലുള്ള പോരാട്ടം ഫെബ്രുവരി ഒന്നിനാണ്. ഇന്ത്യൻ സമയം രാത്രി 11.30 ന് ആണ് കിക്കോഫ് ടൈം.