കഴിഞ്ഞ കുറച്ച് കാലങ്ങളായി താരങ്ങളുടെ പരിക്കുകൾ മൂലം വലിയ തിരിച്ചടി ലഭിച്ച ടീമാണ് ഇന്ത്യ (India Cricket Team). ടീമിന്റെ പ്രധാന പേസ് ബോളറായ ജസ്പ്രിത് ബുംറ പരിക്കിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഋഷഭ് പന്ത് ഡിസംബറിൽ നടന്ന കാറകപടത്തിൽ പരിക്കേറ്റതിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. മറ്റുചില സീനിയർ താരങ്ങളും ഇതുപോലെ വ്യത്യസ്ത പരിക്കുകൾമൂലം കളിക്കളത്തിലില്ല.
ഏകദിന ലോകകപ്പ് (ICC ODI World Cup) അടുത്തെത്തിയിരിക്കുന്നതിനാൽ താരങ്ങളുടെ പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും ഇന്ത്യയുടെ തലവേദന വർധിപ്പിക്കുന്നുണ്ട്. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്നവരിൽ ഋഷഭ് പന്ത് ഒഴികെയുള്ളവർ ഓഗസ്റ്റിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോളിതാ ഞെട്ടിക്കുന്ന ചില സൂചനകൾ പുറത്തുവന്നിരിക്കുന്നു. ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകളെപ്പോലും ബാധിക്കാൻ സാധ്യതയുള്ളതാണിത്.
നിലവിൽ പരിക്കിനെത്തുടർന്ന് ഇന്ത്യൻ ടീമിന് പുറത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലും, മധ്യനിര ബാറ്റർ ശ്രേയസ് അയ്യറും ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തരായി പരിശീലനം പുനരാരംഭിച്ചതിന്റെ സൂചനകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ആവശ്യമായ ഫിറ്റ്നസിലേക്ക് ഏഷ്യാകപ്പിന് മുൻപ് ഇവരെത്തിയേക്കില്ലെന്നാണ് വിവരം.
അങ്ങനെയെങ്കിൽ ഇവർ രണ്ടുപേരുമില്ലാതെയാവും ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കുക. എന്നാൽ ഏഷ്യാകപ്പിൽ കളിച്ചില്ലെങ്കിൽപ്പോലും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പദ്ധതികളിലെ പ്രധാനികളാവും ഈ താരങ്ങളെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിക്കിടെയായിരുന്നു ശ്രേയസ് അയ്യർക്ക് പരിക്കേറ്റത്. തുടർന്ന് ഐപിഎൽ പൂർണമായും നഷ്ടമായ താരം ശസ്ത്രക്രിയയ്ക്കും വിധേയനായി. കെ എൽ രാഹുലിനാവട്ടെ ഐപിഎല്ലിനിടെയായിരുന്നു പരിക്കുപറ്റിയത്. ഫീൽഡിങ്ങിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ രാഹുലിന് യുകെയിൽ വെച്ച് ശസ്ത്രക്രിയയും നടന്നു.
ഏഷ്യാകപ്പിലും കളിക്കാൻ ഈ രണ്ടുതാരങ്ങൾക്കും കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഇരുവരുടെയും തിരിച്ചുവരവ് സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാകും. അതും പൂർണ ഫിറ്റ്നസുണ്ടെങ്കിൽ മാത്രം.
ഏകദിന ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷനുൾപ്പെടെ ഇന്ത്യ തീരുമാനിക്കുക ഏഷ്യാകപ്പിലായിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഏഷ്യാകപ്പോടെ ഇന്ത്യയുടെ ലോകകപ്പ് ഇലവനും മറ്റെല്ലാ പദ്ധതികളും തീരുമാനിക്കപ്പെടുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കെഎൽ രാഹുലും, ശ്രേയസ് അയ്യറും കളിക്കാതെ വന്നാൽ ഇന്ത്യയുടെ എല്ലാ പ്ലാനുകളും തകരും. നേരിട്ട് ലോകകപ്പ് കളിക്കാനാണ് കെ എൽ രാഹുലും, ശ്രേയസ് അയ്യറും വരുന്നതെങ്കിൽ അത് ടീമിന്റെ കോമ്പിനേഷനെയും മോശമായി ബാധിക്കും.
ഒരിക്കലും പരീക്ഷണങ്ങൾക്കുള്ള ഒരു വേദിയല്ല ലോകകപ്പ്. അതിനാൽ ടൂർണമെന്റിന് മുന്നേ എല്ലാക്കാര്യങ്ങളും തീരുമാനിക്കപ്പെടേണ്ടതുണ്ട്. എന്നാൽ രാഹുൽ, ശ്രേയസ് എന്നിവരുടെ ഫിറ്റ്നസ് എല്ലാത്തിനും തടസമാകാൻ സാധ്യതയുണ്ട്.
രാഹുലിനെയും, ശ്രേയസ് അയ്യറെയും പോലെ ദീർഘകാലമായി പുറത്തായിരുന്ന താരങ്ങളാണ് ജസ്പ്രിത് ബുംറയും, പ്രസിദ് കൃഷ്ണയും. എന്നാൽ ഇരുവരും ഈ മാസം നടക്കാനിരിക്കുന്ന അയലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുന്നതും ബുംറയാണ്. ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ബോളിങ് നിരയെ നയിക്കുക ബുംറ തന്നെയാകും. പ്രസിദ് കൃഷ്ണയും ലോകകപ്പ് പദ്ധതികളിൽ ഉൾപ്പെടുന്ന താരമാണെങ്കിലും 15 അംഗ സ്ക്വാഡിൽ ഇടം ലഭിക്കുന്ന കാര്യം സംശയമാണ്.