അബുദാബി: യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് ഇന്നും പ്രചോദനവും ഊർജവുമാകുന്നത് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂല്യങ്ങളാണെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ഷെയ്ഖ് സായിദിന്റെ ഔദാര്യവും അനുകമ്പയും ലോകമെമ്പാടുമുള്ള ജീവിതങ്ങളെ സ്പർശിച്ചതായും കൂട്ടിച്ചേർത്തു. ഷെയ്ഖ് സായിദിന്റെ ചരമ ദിനമായ ഇന്നലെ (റമസാൻ 19) നടന്ന സായിദ് മാനുഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004 റമസാൻ 19നാണ് ഷെയ്ഖ് സായിദ് ഈ ലോകത്തോടു വിടപറഞ്ഞത്. 50 രാജ്യങ്ങളിലെ 100 കോടി നിർധനർക്ക് ഇഫ്താർ വിഭവം എത്തിക്കുന്ന വൺ ബില്യൻ മീൽസ് എൻഡോവ്മെന്റ് പദ്ധതി ഈ റമസാനിലും യുഎഇ നടപ്പാക്കി. 971ൽ യുഎഇ രൂപീകരിച്ചതു മുതൽ അബുദാബി വികസന ഫണ്ട് സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കി വരുന്നു.
നവികതയിൽ ഊന്നി സമൂഹത്തിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നടന്ന ഷെയ്ഖ് സായിദിന്റെ കർമകാലം ഓർത്തെടുത്തും സമൂഹ മാധ്യമങ്ങളിൽ പ്രാർഥനകൾ നിറഞ്ഞു. പുതിയ തലമുറയ്ക്ക് ആവേശം പകരാനും മൂല്യങ്ങൾ പകർത്താനും ഷെയ്ഖ് സായിദിന്റെ ജീവിതഗന്ധിയായ ഏടുകൾ പഠിപ്പിക്കുമെന്നും ട്വീറ്റുണ്ടായി. രാഷ്ട്രശിൽപിയുടെ വാമൊഴികളും വിഡിയോ ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു സമൂഹമാധ്യമങ്ങൾ.