ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് 17 വർഷം പിന്നിട്ടു. അസാധ്യം എന്നൊരു വാക്ക് യുഎഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് പറഞ്ഞ് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വിശ്രമമില്ലാതെ മുന്നോട്ടുകുതിക്കുന്ന ഭരണാധികാരി. നിങ്ങൾ സ്വപ്നങ്ങൾ കാണൂ, യുഎഇ അത് യാഥാർഥ്യമാക്കിത്തരുമെന്ന് പറഞ്ഞ് പുതിയ ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകകൂടി ചെയ്തുവരുന്നു. മുൻ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായ് എമിറേറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുത്തത്. അതോടൊപ്പം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി പദവും അലങ്കരിച്ചുവരുന്നു.
വ്യാപാരം, വ്യവസായം, ടൂറിസം എന്നുവേണ്ട സമസ്ത മേഖലകളിലും യുഎഇയെയും ദുബായിയേയും വികസന പാതയിൽ ലോകത്തിന്റെ മുന്നിൽ ഉയർത്തിയതിൽ ഷെയ്ഖ് മുഹമ്മദിന്റെ പങ്ക് വിവരണാതീതമാണ്. വെല്ലുവിളികളെ തന്മയത്വത്തോടെ നേരിട്ട ചരിത്രമാണ് ഷെയ്ഖ് മുഹമ്മദിനും രാജ്യത്തിനുമുള്ളത്.
നിർമിത ബുദ്ധി ഉൾപ്പെടെ ഡിജിറ്റൽ രംഗം, ബഹിരാകാശം, ആണവോർജം എന്നുവേണ്ട വമ്പൻ രാജ്യങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര നേട്ടങ്ങൾ കൊച്ചുരാജ്യമായ യുഎഇ കൈവരിച്ചു. ശാസ്ത്ര, സാങ്കേതിക, കലാ കായിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും യുഎഇ തലയെടുപ്പോടെ നിൽക്കുന്നു. ലോകം കോവിഡ് മഹാമാരിക്കു മുന്നിൽ വീടുകളിൽ ഒതുങ്ങിയ വേളയിൽ ലോകോത്തര മഹാമേളയായ ദുബായ് എക്സ്പൊ 2020 സുരക്ഷിതമായും വിജയകരമായും നടത്തുന്നതിൽ ഈ രാഷ്ട്രതന്ത്രജ്ഞന്റെ പങ്ക് നിർണായകമായിരുന്നു.
ദുബായുടെ പ്രഥമ ഭരണാധികാരിയും പിതാവുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം, സഹോദരനും മുൻ ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂം, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്ത് കരുത്തുറ്റ ഭരണാധികാരിയായി അദ്ദേഹത്തെ മാറ്റി.
യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അൽമൻസൂരിയെ ബരിഹാരാകാശത്തും തിരിച്ചും വിജയകരമായി എത്തിച്ച് ചരിത്രം സൃഷ്ടിച്ചു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച റാഷിദ് റോവർ ചന്ദ്രനിലേക്കുള്ള പാതയിൽ മുന്നേറുന്നു. 6 മാസം ബഹിരാകാശത്തു ചെലവഴിച്ച് ഗവേഷണം നടത്താനായി സുൽത്താൻ അൽ നെയാദിയെ അയയ്ക്കാനുള്ള അവസാനവട്ട തയാറെടുപ്പും പൂർത്തിയായി.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, ഫ്യൂച്ചർ മ്യൂസിയം തുടങ്ങി ലോകത്തെ ആകർഷിച്ച പദ്ധതിക്കു പിന്നിലും ഷെയ്ഖ് മുഹമ്മദിന്റെ നിശ്ചയദാർഢ്യമുണ്ട്. സ്വദേശികളെയും വിദേശികളെയും മാത്രമല്ല ഈ രാജ്യത്തു വസിക്കുന്ന പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും സംരക്ഷകനാണ് ഷെയ്ഖ് മുഹമ്മദ്. പ്രതിസന്ധികളെ അവസരമാക്കിയുള്ള ഷെയ്ഖ് മുഹമ്മദിന്റെ കുതിപ്പിന് മലയാളികൾ ഉൾപ്പെടെ ഇവിടെ വസിക്കുന്ന 35 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരും ആശംസകൾ അർപ്പിക്കുന്നു.