ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്‍മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ) പണമായി തന്നെ നല്‍കി 100 ശതമാനം ഉടമസ്ഥതയ്ക്കുള്ള ബിഡ് ആയിരുന്നു ഷെയ്ഖ് ജാസിം സമര്‍പ്പിച്ചിരുന്നത്.
ക്ലബ് ഉടമകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഷെയ്ഖ് ജാസിമിന്റെ ഓഫര്‍ പര്യാപ്തമല്ലെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ബില്യണ്‍ പൗണ്ട് (6,05,80,82,58,600 രൂപ) ആണ് ക്ലബ്ബിന് വിലമതിക്കുന്നത്. എന്നാല്‍, ബിഡ് തുക ഉള്‍പ്പെടെയുള്ള ‘രഹസ്യ’ങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ഷെയ്ഖ് ജാസിമിന്റെ ടീം ക്ലബ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയെന്ന് സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
പുതിയ കടമൊന്നുമില്ലാതെ, പഴയ കടമെല്ലാം തീര്‍ത്ത് പൂര്‍ണമായും പണമായി നല്‍കി ക്ലബിന്റെ 100 ശതമാനം ഉടമസ്ഥാവകാശത്തിനുള്ള ബിഡ് ആണ് ഷെയ്ഖ് ജാസിം അവതരിപ്പിച്ചതെന്ന് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാങ്ങാനുള്ള ശ്രമം ഷെയ്ഖ് ജാസിം ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2005ല്‍ 790 ദശലക്ഷം പൗണ്ടിന് (79,76,47,54,049 രൂപ) മാഞ്ചസ്റ്റര്‍ ക്ലബ്ബ് വാങ്ങിയ ഗ്ലേസര്‍ കുടുംബം 2022 നവംബറിലാണ് വില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ക്ലബ്ബിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 2.6 ബില്യണ്‍ പൗണ്ട് (2,62,51,69,12,060 രൂപ) ആണ്. ക്ലബ് വാങ്ങാനുള്ള ഓഫര്‍ ആദ്യം മുന്നോട്ടുവച്ചത് ഷെയ്ഖ് ജാസിം ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് വ്യവസായി സര്‍ ജിം റാറ്റ്ക്ലിഫും രംഗത്തെത്തി. രണ്ട് കക്ഷികളും ഏഴ് മാസ കാലയളവില്‍ ഒന്നിലധികം ബിഡുകള്‍ സമര്‍പ്പിച്ചിരുന്നു. ജൂണിലാണ് ഷെയ്ഖ് ജാസിം അഞ്ചാമത്തേതും അവസാനത്തേതായി കണക്കാക്കപ്പെടുന്ന ബിഡ് നല്‍കിയത്.
ക്ലബിന്റെ 25 ശതമാനം ഓഹരി പങ്കാളിത്തമാണ് റാറ്റ്ക്ലിഫ് ഉദ്ദേശിക്കുന്നത്. ഇതിന് ഏകദേശം 1.5 ബില്യണ്‍ പൗണ്ട് (1,51,45,20,64,650 രൂപ) വിലമതിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വില്‍പ്പന പൂര്‍ത്തിയാക്കും. ഗ്ലേസേഴ്‌സിന് സാമ്പത്തിക താല്‍പര്യമുള്ളതിനാലും ക്ലബ് പൂര്‍ണമായി കൈവിടാന്‍ വൈമനസ്യമുള്ളതിനാലും റാറ്റ്ക്ലിഫിന്റെ ഓഫറിനോടാണ് കൂടുതല്‍ താല്‍പര്യമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഗ്ലേസര്‍ കുടുംബത്തില്‍ നിന്ന് ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ് വാങ്ങാന്‍ ഷെയ്ഖ് ജാസിം 7.6 ബില്യണ്‍ ഡോളര്‍ (6,29,15,46,00,000 രൂപ) നല്‍കുമെന്ന് ദി സണ്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് ജാസിം മാഞ്ചസ്റ്റര്‍ ഏറ്റെടുക്കുമെന്ന് ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഖത്തരി അറബ് പത്രമായ അല്‍ വത്തനും വെളിപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വിജയകരമായി ഏറ്റെടുത്തതില്‍ ഷെയ്ഖ് ജാസിമിനെ അഭിനന്ദിച്ച് കനേഡിയന്‍ ഖത്തരി ബിസിനസ് കൗണ്‍സില്‍ വൈസ് ചെയര്‍മാനും അര്‍മസൈറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സായിദ് അല്‍ ഹംദാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
ഗ്ലേസര്‍ കുടുംബം ക്ലബ് നടത്തിക്കൊണ്ടുപോവുന്ന രീതിയോട് നിരവധി ക്ലബ്് അനുയായികള്‍ അസംതൃപ്തരാണ്. കൂടുതല്‍ താരങ്ങള്‍ക്കായി പണമെറിയാനും ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തുക ചെലവഴിക്കാത്തതുമാണ് ഇതിന് കാരണം. 145 വര്‍ഷം മുമ്പ് 1878ലാണ് ക്ലബ് രൂപീകൃതമായത്. റെഡ് ഡെവിള്‍സ് അഥവാ ചുവന്ന ചെകുത്താന്‍മാര്‍ എന്നറിയപ്പെടുന്ന യുനൈറ്റഡ് ലോകമെമ്പാടുമുള്ള കാല്‍പന്തുപ്രേമികളുടെ ഇഷ്ടക്ലബ്ബുകളിലൊന്നായി ഇന്നും തുടരുന്നു.