ഷാർജ: ഷാർജയിൽ നിന്നും ഇന്ത്യയിലേക്കും അവിടെ നിന്നും തിരിച്ചു യാത്ര ചെയ്തവരുടെ കണക്ക് പുറത്ത്. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്നാണ് കണക്കുകൾ പറയുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേർ യാത്ര ചെയ്തു എന്നാണ് റിപ്പോർട്ട്. ഷാർജ- കൊച്ചി റൂട്ടിൽ 88689 പേർ യാത്ര ചെയ്തു. മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ് . ഷാർജയിൽ നിന്നും ഡൽഹി വഴി 77859 പേർ ആണ് യാത്ര ചെയ്തത്.
ഒരു മാസം ശരാശരി 39000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ റൂട്ടിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനം ആണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. എയർ അറേബ്യ എല്ലാ ദിവസവും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം 2 സർവീസുകൾ ആണ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവർ ഓരോ സർവീസുകളും ഈ റൂട്ടിൽ നടത്തുന്നുണ്ട്.