Gulf

ദ്വീപ് റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗദിയില്‍ ആദ്യമായി ജലവിമാനങ്ങള്‍

Published

on

റിയാദ്: ചെങ്കടലിലെ ദ്വീപ് റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശകരെ എത്തിക്കാന്‍ സൗദിയില്‍ ആദ്യമായി സീ പ്ലെയിന്‍ ഏര്‍പ്പെടുത്തി. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തെ മെഗാ ടൂറിസം പദ്ധതികളുടെ ഡെവലപ്പറായ റെഡ് സീ ഗ്ലോബലിന്റെ (ആര്‍എസ്ജി) നേതൃത്വത്തിലാണ് ഫ്‌ളൈ റെഡ് സീ എന്ന സബ്‌സിഡിയറി സീപ്ലെയിന്‍ ഓപറേറ്റര്‍ കമ്പനി ആരംഭിച്ചത്.

സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ട്, നുജുമ റിസോര്‍ട്ട്, റിറ്റ്‌സ്‌കാള്‍ട്ടണ്‍ റിസര്‍വ് എന്നിവയുള്‍പ്പെടെ ചെങ്കടല്‍ പ്രദേശത്തെ നിരവധി ദീപ് റിസോര്‍ട്ടുകളിലേക്ക് അതിഥികള്‍ക്ക് ജലവിമാനങ്ങളില്‍ എത്തിച്ചേരാം. സീപ്ലെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യോമയാന മേഖലയില്‍ വിദഗ്ധരായ ഒരു സംഘത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ നാല് ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക. സെസ്‌ന കാരവന്‍ 208 ഇനത്തില്‍ പെട്ട സീ പ്ലെയിനുകളാണിവ. 2028ല്‍ ഇവയുടെ എണ്ണം ഒമ്പതാവും. 2030ല്‍ 20 പ്ലെയിനുകളും സര്‍വീസ് നടത്തും. റെഡ്‌സീ ഇന്റര്‍നാഷണല്‍ വിമാനത്താവളം ആയിരിക്കും ഫ്‌ളൈ റെഡ് സീ കമ്പനിയുടെ പ്രധാന താവളം. ഇവിടെ സീ പ്ലെയിനിന് പ്രത്യേക റണ്‍വെയും ഉണ്ടായിരിക്കും. ഇത് വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നു.

ഒമ്പത് പേര്‍ക്ക് വരെ യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനങ്ങളാണിവ. ബാഗേജുകളുമായി കയറുമ്പോള്‍ ഒരു പൈലറ്റ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ഈ സീ പ്ലെയിനുകളില്‍ യാത്രചെയ്യാനാവുക. റെഡ് സീയുടെ മനോഹരമായ കാഴ്ചകള്‍ തൊട്ടടുത്തുനിന്ന് കാണാനുള്ള അപൂര്‍വ അവസരം കൂടിയായിരിക്കും ഈ യാത്രകള്‍. ആഡംബര ഇന്റീരിയര്‍ ഈ ചെറുവിമാനങ്ങളുടെ പ്രത്യേകതയാണ്.

സീ പ്ലെയിന്‍ പൈലറ്റിനും എഞ്ചിനീയര്‍മാക്കും സൗദിയില്‍ ആദ്യമായി ലൈസന്‍സും അനുവദിച്ചിട്ടുണ്ട്. എല്ലാ റിസോര്‍ട്ടുകളിലേക്കും അതിഥികളെ എത്തിക്കാന്‍ വ്യവസ്ഥാപിതവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ സംവിധാനമൊരുക്കുന്നതിനാണ് ഫ്‌ളൈ റെഡ് സീ എന്ന കമ്പനി ആരംഭിച്ചതെന്ന് റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ ജോണ്‍ പഗാനോ പറഞ്ഞു.

സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍ (എസ്എഎഫ്) ആണ് റെഡ് സീ ഗ്ലോബല്‍ ജലവിമാനങ്ങളുടെ ഇന്ധനം. പൂര്‍ണമായും വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജലവിമാനങ്ങളുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്. കൂടാതെ ഹൈഡ്രജന്‍ -ഇലക്ട്രിക് പ്രൊപല്‍ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സെസ്‌ന കാരവന്‍ സീപ്ലെയ്‌നുകള്‍ പരിവര്‍ത്തിപ്പിക്കുന്നതിന് സീറോആവിയ കമ്പനിയുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു.

റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ മാസം മുതലാണ് ആദ്യമായി വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. 22 ദ്വീപുകളിലും ആറ് ഉള്‍പ്രദേശങ്ങളിലുമായി 8,000 ഹോട്ടല്‍ മുറികളും ആയിരത്തിലധികം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുമാണ് റെഡ് സീ ഗ്ലോബല്‍ സജ്ജമാക്കുന്നത്. ഇതിനായി 2030 ആവുമ്പോഴേക്കും 50 റിസോര്‍ട്ടുകളുടെ പണി പൂര്‍ത്തിയാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version