Gulf

സൗദി സ്ഥാപകദിനം വ്യാഴാഴ്ച; പൊതു അവധി പ്രഖ്യാപിച്ചു, രാജ്യത്ത് വിപുലമായ പരിപാടികള്‍

Published

on

റിയാദ്: 1727ല്‍ ഇമാം ബിന്‍ സൗദ് സൗദി രാജ്യം സ്ഥാപിച്ചതിന്റെ പ്രൗഡമായ ഓര്‍മ പുതുക്കല്‍ ദിനത്തിലേക്ക് ഇന് രണ്ടുനാള്‍ കൂടി. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് സൗദി സ്ഥാപക ദിനം. ആഘോഷം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ലഭിക്കുന്നതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും.

സ്ഥാപകദിനത്തോടനനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം വിപുലമായ ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരികവിരുന്ന് ഒരുക്കും.

സാംസ്‌കാരിക മന്ത്രാലയം നടത്തുന്ന വിവിധ പരിപാടികളുടെ ടിക്കറ്റുകള്‍ https://dc.moc.gov.sa/home/ar/foundingday/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്ഥാപക രാത്രികള്‍ എന്നപേരില്‍ നടത്തുന്ന പരിപാടിയാണ് പ്രധാന ആകര്‍ഷണം. ഫെബ്രുവരി 21, 22 തീയതികളില്‍ റിയാദിലെ ബൊളിവാര്‍ഡ് സിറ്റിയിലെ അബൂബക്കര്‍ സാലം സ്റ്റേജില്‍ ഒരുക്കുന്ന സായാഹ്ന പരിപാടി കവിതയുടെയും സംഗീതത്തിന്റെയും ഗൃഹാതുരമായ യാത്രയാണ് സമ്മാനിക്കുക.

‘സിംഫണി ഓഫ് ദി ബിഗിനിങ്’ എന്ന മറ്റൊരു പരിപാടിയും ഫെബ്രുവരി 25, 26 തീയതികളില്‍ ഇതേ വേദിയില്‍ നടക്കും. പരമ്പരാഗത സൗദി വാദ്യോപകരണങ്ങളെ ആധുനിക ഉപകരണങ്ങളുമായി ലയിപ്പിച്ച് സംഗീതത്തിലൂടെ രാഷ്ട്രം സ്ഥാപിച്ചതിന്റെ കഥ പറയുന്ന ഓര്‍ക്കസ്ട്ര പരിപാടിയായാണ് ഇത് അവതരിപ്പിക്കുന്നത്. സൗദിയിലെ പ്രമുഖ കവികളും സംഗീതസംവിധായകരും ദേശീയ സംഗീത ബാന്‍ഡും വേദിയില്‍ പ്രകടനം നടത്തും.

റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ‘ചരിത്രത്തിന്റെ പാത’ എന്ന പ്രദര്‍ശനം നടക്കും. ആകര്‍ഷകമായ 19 രംഗങ്ങളിലൂടെ 1727ല്‍ സൗദിയുടെ തുടക്കം മുതല്‍ ഇന്നുവരെയുള്ള വളര്‍ച്ചയും പരിണാമവും പ്രദര്‍ശനത്തില്‍ വിവരിക്കും. ഫെബ്രുവരി 22 മുതല്‍ 24 വരെ 14 സ്ഥലങ്ങളില്‍ ‘സ്ഥാപക ഗ്രാമം’ എന്ന പേരില്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ 14 സ്ഥലങ്ങളില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.

അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തില്‍ ആധുനിക സൗദി രാഷ്ട്രം രൂപീകരിച്ചതിനെ അനുസ്മരിച്ച് സപ്തംബര്‍ 23നാണ് സൗദി ദേശീയദിനം ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version