Gulf

പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് മതപരമായ പാപമെന്ന് സൗദി പണ്ഡിത കൗണ്‍സില്‍

Published

on

റിയാദ്: ഔദ്യോഗിക ഏജന്‍സികള്‍ നല്‍കുന്ന ഹജ്ജ് പെര്‍മിറ്റില്ലാതെ തീര്‍ഥാടനം നിര്‍വഹിക്കുന്നത് മതപരമായി പാപമാണെന്നും അത് ഇസ്ലാമില്‍ അനുവദനീയമായ കാര്യമല്ലെന്നും സൗദിയിലെ ഉന്നത പണ്ഡിതന്‍മാര്‍ ഉള്‍പ്പെട്ട ശൂറാ കൗണ്‍സില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്.

സൗദി ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറമുകളുടെയും പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റി എന്നിവ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണങ്ങള്‍ പരിഗണിച്ച ശേഷമാണ് പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നതിന്റെ മതവിധി സംബന്ധിച്ച തീരുമാനം ഉന്നത പണ്ഡിത കൗണ്‍സില്‍ പ്രഖ്യാപിച്ചത്. പെര്‍മിറ്റ് എടുക്കാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നത് മതപരമായി തെറ്റാണെന്ന് അത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ പാപമാണ് ചെയ്യുന്നതെന്നും പണ്ഡിത കൗണ്‍സില്‍ വ്യക്തമാക്കി.

ഓരോ ദിവസവും അനുവദിക്കുന്ന ഹജ്ജ് പെര്‍മിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനമാക്കിയാണ് തീര്‍ഥാകര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍, ആരോഗ്യ സൗകര്യങ്ങള്‍, താമസം, ഭക്ഷണം തുടങ്ങി സേവനങ്ങളെല്ലാം ഒരുക്കുന്നത്. ഹജ്ജിനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനത്തോടെയും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. അതുകൊണ്ടു തന്നെ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളെന്നും പണ്ഡിത സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത്തരം നിയന്ത്രണങ്ങളിലൂടെ തീര്‍ഥാടകരുടെ തിരക്കും ഗതാഗത തടസ്സവും നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും. എന്നാല്‍ പെര്‍മിറ്റില്ലാതെ അനിയന്ത്രിതമായി തീര്‍ഥാടകര്‍ ഹജ്ജിനെത്തുന്ന പക്ഷം അതുണ്ടാക്കാനിടയുള്ള അപകട സാധ്യതകളും അധികൃതര്‍ വിശദീകരിച്ചു. ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ വരികയും തീര്‍ഥാടകര്‍ റോഡിലും മറ്റും കിടന്നുറങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാവുമെന്നും അധികൃതര്‍ വിശദീകരിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പെര്‍മിറ്റ് വഴിയുള്ള നിയന്ത്രണ സംവിധാനം അനിവാര്യമാണെന്നും അത് ലംഘിക്കുന്നത് മതശാസനകള്‍ക്ക് എതിരാണെന്നും പണ്ഡിതസഭ വിധിയെഴുതി.

വ്യാജ ഏജന്‍സികള്‍ക്കെതിരേ മുന്നറിയിപ്പ്

അതിനിടെ, വ്യാജ ഹജ്ജ് റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മന്ത്രാലയം രംഗത്തെത്തി. 2024-ലെ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങളില്‍ വഴി നിരവധി സ്ഥാപനങ്ങള്‍ പരസ്യങ്ങളുമായി രംഗത്തുണ്ടെന്നും അവയില്‍ വ്യാജ കമ്പനികളുണ്ടാവാന്‍ സാധ്യത ഏറെയാണെന്നും അധികൃതര്‍ തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാധുതയുള്ള ഹജ്ജ് വിസ ഉണ്ടെങ്കില്‍ മാത്രമേ ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കാന്‍ സാധിക്കൂ എന്നും സൗദി അധികൃതര്‍ വഴിയോ മറ്റ് അംഗീകൃത ഔദ്യോഗിക ചാനലുകള്‍ വഴിയോ മാത്രമേ ഇവ ലഭിക്കൂ എന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാഖ് ഭരണകൂടം ഈ വര്‍ഷം 25-ലധികം വ്യാജ ഹജ്ജ് റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ കണ്ടെത്തി അവയ്‌ക്കെതിരേ നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഹജ്ജ് സേവന പരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൃത്യമായ വിവരങ്ങള്‍ക്ക് സന്ദര്‍ശകര്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version