റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പുതിയ ലോഗോയും കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പുതിയ യൂനിഫോമും യാത്രക്കാര്‍ക്ക് നൂതന ഡിജിറ്റല്‍ സേവനങ്ങളും പ്രഖ്യാപിച്ച് സൗദിയ പുതിയ യുഗത്തിലേക്ക് പദമൂന്നുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കിലും ഓഫറുകള്‍ നല്‍കുന്നത്.
ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് 30% കിഴിവ് ലഭിക്കുക. ഒക്ടോബര്‍ 10 നും ഡിസംബര്‍ 10 നും ഇടയില്‍ യാത്ര ചെയ്യാം. സൗദി അറേബ്യയില്‍ നിന്ന് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ക്ക് ഓഫര്‍ ബാധകമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള സൗദിയ സര്‍വീസുകള്‍ക്കും ഇളവുണ്ട്.
ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്കെല്ലാം കിഴിവ് ലഭിക്കും. റൗണ്ട് ട്രിപ്പുകള്‍, വണ്‍വേ, മള്‍ട്ടിപ്പിള്‍ സിറ്റി ഫ്‌ലൈറ്റുകള്‍ എന്നിവയ്ക്കും നിരക്കിളവ് ബാധകമാണ്. എയര്‍ലൈനിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
സൗദി എയര്‍ലൈന്‍സ് എണ്‍പതുകളിലെ രാജ്യത്തെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തത്. മൂന്ന് നിറങ്ങളാണ് പുതിയ ലോഗോയിലുള്ളത്. പച്ചയും നീലയ്ക്കും പുറമേ മണല്‍ നിറവും ഇതിലുണ്ട്. പച്ച നിറം അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായ ദേശീയ പതാകയുടെ നിറം ഉള്‍ക്കൊള്ളുന്നു. ഔദാര്യം, സംസ്‌കാരം, സൗദി ആതിഥ്യമര്യാദ എന്നിവയുടെ പ്രതീകമായ ഈത്തപ്പനയുടെ നിറം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നീല നിറം രാജ്യത്തെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്നു. മണല്‍ നിറം രാജ്യത്തിന്റെ സമ്പത്തിനെയും മൗലികമായ സവിശേഷതകളെയും പ്രതീകപ്പെടുത്തുന്നു.
ടിക്കറ്റ് ബുക്കിങ്, ഫ്‌ളൈറ്റ് നടപടിക്രമങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സേവനവും സൗദിയ ആവിഷ്‌കരിച്ചിട്ടുണ്ട്. വോയ്‌സ്, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.
കാബിന്‍ ക്യൂവിന്റെ പുതിയ യൂനിഫോമും സൗദിയ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഭക്ഷണ വൈവിധ്യം യാത്രക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നതിന് 40 ലേറെ ഭക്ഷണ വിഭവങ്ങള്‍ അടങ്ങിയ മെനു പട്ടികയും പ്രസിദ്ധപ്പെടുത്തി. ലോകത്തിലെ നൂറിലേറെ നഗരങ്ങളിലേക്ക് സൗദിയ സര്‍വീസ് നടത്തുന്നുണ്ട്. 140 വിമാനങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.