ന്യൂയോർക്ക്: മലയാളി താരം സഞ്ജു സാംസണ് ടീമിൽ തുടരാനാകുമെന്ന് സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ. ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരത്തിലെ മോശം പ്രകടനത്തിനിടെയിലാണ് സഞ്ജുവിന് അനുകൂലമായ പ്രതികരണം ടീം ക്യാമ്പിലുള്ളത്. സഞ്ജു സ്പിന്നിനെയും പേസിനെയും മികച്ച രീതിയിൽ നേരിടുന്ന താരമാണ്. അതുപോലെ ഒരു മികച്ച വിക്കറ്റ് കീപ്പറുമാണ്. മികച്ച ശാരീകക്ഷമതയാണ് താരത്തെ ഇത്തവണ ഇന്ത്യൻ ടീമിലെടുക്കാൻ കാരണം. ക്രിക്കറ്റിനോട് ഇപ്പോഴുള്ള ആവേശം തുടർന്നാൽ സഞ്ജുവിന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്നും ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. ബംഗ്ലാദേശിനെതിരെ ആറ് പന്തിൽ ഒരു റൺസ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ഇതോടെ ലഭിച്ച അവസരം ഉപയോഗിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ മത്സരത്തിൽ റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. 26 ബോളുകളിൽ നിന്ന് 52 റൺസുമായി റിഷഭ് പുറത്താകാതെ നിന്നു.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. അയർലൻഡിനെതിരായ മത്സരം നാളെ രാത്രി എട്ട് മണിക്ക് നടക്കും. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയുമായും കാനഡയുമായും ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ രോഹിത് ശർമ്മയും സംഘവും മത്സരിക്കും.