ഫുജെെറ: ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിലാണ് ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്. സലാം എയർ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സർവീസ് ഉണ്ടായിരിക്കുക. മസ്കറ്റ് വഴി കരിപ്പൂരിലേക്ക് വിമാനം എത്തും. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം ആദ്യം മസ്കറ്റിൽ എത്തും. പിന്നീട് ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20ന് ആയിരിക്കും വിമാനം കരിപ്പൂറിൽ എത്തുക. 8051 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
ഫുജെെറയിൽ നിന്നും പകൽ 10.20ന് പുറപ്പെടുന്ന വിമാനം ആദ്യം മസ്കറ്റിൽ എത്തും. പകൽ മുഴുവൻ മസ്കറ്റിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് മസ്കറ്റ് സർവീസ് തെരഞ്ഞെടുക്കാം. രാവിലെ 4.20 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7 മണിക്കൂർ പിന്നിട്ട് 9.50ന് ഫുജൈറയിലെത്തും. ടിക്കറ്റ് നിരക്ക് 12510 രൂപ. തിരുവനന്തപുരത്തേക്ക് ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഈ സർവീസ് തുടങ്ങിയത്. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ തുടങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഷാർജ, ഉമ്മുൽഖുവൈൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കരിപ്പൂരിൽ എത്താൻ ഫുജൈറ വിമാനത്താവളത്തെ ആശ്രയിക്കാം. എമിറേറ്റുകളിലേക്ക് ബസ് സർവീസും ഉടൻ ആരംഭിക്കും. ഇന്ത്യൻ വിമാന കമ്പനികളുമായും എയർപോർട്ട് അധികൃതരുമായും സർവീസ് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നുണ്ട്. ഒക്ടോബർ 2 മുതൽ മസ്കറ്റ് വഴി ഹൈദരാബാദിലേക്കും പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കിൽ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും. തിരുവനന്തപുരത്തേക്ക് 600 ദിർഹത്തിന് താഴെയാണ് യാത്രക്കായി നിരക്ക് വരുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 450 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും . പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്.