Gulf

യുഎഇയിലെത്തിയ പലസ്തീന്‍ കുട്ടികളെ സന്ദര്‍ശിച്ച് രാജകുടുംബാംഗങ്ങള്‍; 1,000 കാന്‍സര്‍ രോഗികളെ കൂടി രാജ്യത്തേക്ക് കൊണ്ടുവരും

Published

on

അബുദാബി: ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്ന പലസ്തീനികളെ രാജകുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. ഗാസയില്‍ പരിക്കേറ്റ 1000 കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും യുഎഇയില്‍ ചികില്‍സ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്ത് എത്തിയത്.

യുഎഇ പ്രസിഡന്‍ഷ്യല്‍ കോടതിയിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ആശുപത്രികളിലെത്തി പലസ്തീന്‍ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചത്. രോഗികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും സമഗ്രമായ ചികിത്സയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്തു.

പരിക്കേറ്റ 15 ഓളം ഫലസ്തീന്‍ കുട്ടികളും ഗാസ മുനമ്പില്‍ നിന്നുള്ള കുടുംബങ്ങളുമാണ് അബുദാബിയിലെത്തിയ ആദ്യസംഘത്തില്‍ ഉണ്ടായിരുന്നത്. കുട്ടികളില്‍ ഏഴുപേര്‍ കാന്‍സര്‍ ബാധിതരാണ്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്, എന്‍എംസി ഹെല്‍ത്ത്‌കെയര്‍, അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി എന്നിവയുടെ കീഴിലുള്ള ആശുപത്രികളിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്.

ഗാസയില്‍ നിന്ന് റഫ ക്രോസിങ് വഴി പരിക്കേറ്റവരെ പുറത്തെത്തിക്കുകയും നവംബര്‍ 16 വെള്ളിയാഴ്ച വൈകി ഈജിപ്തിലെ അല്‍അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച് വിമാന മാര്‍ഗം അബുദാബിയില്‍ എത്തിക്കുകയുമായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ശേഷിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ചികില്‍സ നല്‍കാന്‍ യുഎഇ മെഡിക്കല്‍ ടീമുകളും ആശുപത്രികളും പൂര്‍ണ സജ്ജമാണെന്ന് ആദ്യ സംഘം അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം നടത്തിയ പ്രസ്താവനയില്‍ ആരോഗ്യ മന്ത്രി മഹാ ബറകത്ത് പറഞ്ഞു.

ഇതോടൊപ്പം ഗാസ മുനമ്പില്‍ നിന്നുള്ള 1,000 പലസ്തീന്‍ കാന്‍സര്‍ രോഗികള്‍ക്ക് കൂടി വൈദ്യസഹായം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

ഗാസയ്ക്ക് വെള്ളം വിതരണം ചെയ്യുന്നതിനായി മൂന്ന് ഡീസാലിനേഷന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനും യുഎഇ തീരുമാനിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കുടുങ്ങിയ പലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിനായി ആവിഷ്‌കരിച്ച ഗാലന്റ് നൈറ്റ്-3 ഓപറേഷനു കീഴില്‍ ഗാസ മുനമ്പില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. 150 കിടക്കകളുള്ള ആശുപത്രി ഘട്ടമഘട്ടമായി പൂര്‍ത്തിയാക്കും. പരിക്കേറ്റവരെ ചികില്‍സിക്കാന്‍ ഇവിടേക്ക് മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്.

യുഎഇ 20 മില്യണ്‍ ഡോളറിന്റെ മാനുഷിക പാക്കേജ് ആണ് പ്രഖ്യാപിച്ചത്. 1,400 ടണ്‍ ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ അടങ്ങിയ 51 വിമാനങ്ങള്‍ ഇതുവരെ ഗാസയിലേക്ക് അയച്ചു. ഗാസ നിവാസികള്‍ കടുത്ത വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലുള്ള ഈ സേവനങ്ങള്‍ പലസ്തീനുമായുള്ള യുഎഇയുടെ ചരിത്രപരമായ ബന്ധത്തെയും ഐക്യദാര്‍ഢ്യത്തെയും പ്രതീകപ്പെടുത്തുന്നതാണെന്നും
ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version