Sports

രോഹിത് ശർമ ക്യാപ്റ്റനായി, 10 കളിക്കാർ പുറത്ത്; 2021 ൽ കളിച്ച ഇന്ത്യൻ ടെസ്റ്റ് ടീമല്ല ഇത്, വന്നത് വൻ മാറ്റങ്ങൾ

Published

on

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം തുടക്കമാവുകയാണ്. ഇതിന് മുൻപ് 2021 ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ വെച്ചൊരു ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടിയത്. അന്ന് വൈസ് ക്യാപ്റ്റൻ പോലുമല്ലാതിരുന്ന രോഹിത് ശർമയാണ് ഇന്ന് ടീമിന്റെ നായകൻ. അന്ന് കളിച്ച ഇന്ത്യൻ ടീമിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഇപ്പോളത്തെ ടീമിൽ ഉള്ളത്. 2021 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്ക്വാഡിലുണ്ടായിരുന്ന 10 പേർ ഇക്കുറി ടീമിലില്ല. മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടക്കുമ്പോൾ ആതിഥേയ സ്ക്വാഡിൽ വന്ന മാറ്റങ്ങൾ നോക്കാം.

ടീമിൽ നിന്ന് പുറത്തായവർ

അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര എ‌ന്നിവരാണ് 2021 ൽ കളിച്ച ടീമിൽ നിന്ന് 2024 ലെ ടീമിലില്ലാത്ത രണ്ട് പ്രധാനികൾ. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷമാണ് പുജാര ടീമിൽ നിന്ന് പുറത്തായത്. രഹാനെ വിൻഡീസ് പര്യടനത്തിന് ശേഷം ഒഴിവാക്കപ്പെട്ടു. വലം കൈയ്യൻ ബാറ്ററായ മയങ്ക് അഗർവാൾ, വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ തുടങ്ങിയവരും നിലവിൽ ടീമിലില്ല.

ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരും 2021 ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ ഇവർ ഇക്കുറി സ്ക്വാഡിലില്ല. വാഷിങ്ടൺ സുന്ദർ, ഷർദുൽ താക്കൂർ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് രണ്ട് സൂപ്പർ താരങ്ങൾ.

ടീമിലെത്തിയ താരങ്ങൾ

ആറ് ഇന്ത്യൻ താരങ്ങളാണ് ഇതാദ്യമായി ഇംഗ്ലണ്ടിനെതിരെ നാട്ടിൽ ടെസ്റ്റ് പരമ്പര കളിക്കാൻ ഒരുങ്ങുന്നത്. യുവ ഓപ്പണർ യശസ്വി ജയ്സ്വാളും മധ്യനിര ബാറ്റർ ശ്രേയസ് അയ്യറുമാണ് ഇതിൽ പ്രധാനികൾ. വിക്കറ്റ് കീപ്പർമാരായ കെ എസ്‌ ഭരത്, ധ്രുവ് ജൂറൽ, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് മറ്റ് കളിക്കാർ.

ഈ മാസം 25 ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. ഫെബ്രുവരി രണ്ട് മുതൽ ആറ് വരെ വിശാഖപട്ടണം രണ്ടാം ടെസ്റ്റിന് വേദിയാകും. ഫെബ്രുവരി 15 മുതൽ 19 വരെ രാജ്കോട്ടിൽ മൂന്നാം ടെസ്റ്റും, ഫെബ്രുവരി 23 മുതൽ 27 വരെ റാഞ്ചിയിൽ നാലാം ടെസ്റ്റും, മാർച്ച് ഏഴ് മുതൽ 11 വരെ ധരംശാലയിൽ അവസാന ടെസ്റ്റും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version