Kerala

റോഡ് ഷോ മോദിയുടെ ഉറപ്പ് ജനങ്ങൾ സ്വീകരിച്ചെന്നതിൻറെ തെളിവ്, കേരളത്തിൽ വലിയ മാറ്റം: കെ സുരേന്ദ്രൻ

Published

on

കൊച്ചി: ഓരോ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ കണ്ടത് ജനപ്രളയമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ന് കൊച്ചിയിൽ മോദിയുടെ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിൽ ഉണ്ടാകുന്നത് വലിയ മാറ്റമാണ്. വലിയ തോതിലാണ് മോദിക്ക് കേരളത്തിലെ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നത്. മോദിയുടെ ഉറപ്പ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് റോഡ് ഷോയും ഇനിവരുന്ന പരിപാടികളുമെന്ന്’, കെ സുരേന്ദ്രൻ വ്യക്തമാക്കി.

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് കേരളത്തിലെത്തിയത്. വൈകീട്ട് 7ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മോദി ഹെലികോപ്ടർ മാർഗം കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെത്തും. തുടർന്ന്, കാർ മാർഗം കെപിസിസി ജങ്ഷനിലെത്തും. പിന്നാലെ, കെപിസിസി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റൽ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഗസ്റ്റ് ഹൗസ് ജങ്ഷനിൽ അവസാനിക്കും. രാത്രി ഗസ്റ്റ് ഹൗസിൽ താമസം.

നാളെ പുലർച്ചെ പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തുട‍ർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. ഇവിടെനിന്ന് തൃപ്രയാ‍ർ ക്ഷേത്രത്തിലേക്കും എത്തും. 11 മണിയോടെ കൊച്ചിയിലേക്ക് മടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ വെല്ലിങ്ടൺ ഐലൻ്റിൽ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നി‍ർവഹിക്കും. 1:30ന് മറൈൻഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുക്കും. 2:40ന് വെല്ലിങ്ടൺ ഐലൻ്റിലേക്ക് മടങ്ങും. മൂന്നുമണിയോടെ നെടുമ്പാശേരിയിൽ എത്തി 3:15ന് ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version