റിയാദ്: അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ടെന്ന് റിയാദ് എയര്‍. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 72 വിമാനങ്ങൾ ഉപയോഗിച്ച് ആയിരിക്കും സർവീസ് നടത്തുക. അതിന് വേണ്ടി കഴിഞ്ഞ മാർച്ചിലാണ് വിമാനങ്ങൾക്കായി ഓർഡർ നൽകിയത്. അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്ക, കാനഡ, യൂറോപ്പ്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഈ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ വിമാനങ്ങൾ കൂടാതെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. ദുബായ് എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ ചില ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 12 കോടി യാത്രക്കാരെ രാജ്യത്തേക്ക് വരവേൽക്കാൻ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. 2030 ഓടെ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും എയര്‍ കാര്‍ഗോ 45 ലക്ഷം ടണ്‍ ആയും ഉയർത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വർഷം ബന്ധപ്പെട്ടവർ നടത്തിയത്. സൗദി അറേബ്യയുടെ വിഷന്‍ 2030 നിക്ഷേപ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന കമ്പനി സൗദി ആരംഭിക്കാൻ തീരുമാനിച്ചത്. റിയാദ് എയര്‍ ലോഗോ പതിച്ച നാല് നിറത്തിലുള്ള വിമാനത്തിന്റെ ചിത്രങ്ങൾ, വിമാനം ആകാശത്ത് പറക്കുന്നതിന്റെ ചിത്രങ്ങളും റിയാദ് എയർ അധികൃതർ പുറത്തുവിട്ടിരുന്നു.