Gulf

സൗദിയിലെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ റിയാദ് എയറും അൽഉല റോയൽ കമ്മീഷനും കൈകോർക്കുന്നു

Published

on

റിയാദ്​: വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല ​റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. അൽ ഉലയുടെ അതുല്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണിത്​.

സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും 2030ഓടെ ലോകത്തെ 100 ലധികം നഗരങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതുമായ റിയാദ് എയറുമായി ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷനോടനുബന്ധിച്ചാണ്​ കരാർ ഒപ്പുവെച്ചത്​. സൗദിയിലേക്കുള്ള ടൂറിസം പ്രവാഹം വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പുറമേ ലോകമെമ്പാടുമുള്ള സന്ദർശകർക്കും യാത്രക്കാർക്കുമായി അൽഉല ഗവർണറേറ്റിനെ സവിശേഷവും ആഡംബരപൂർണവുമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്​.

ആഗോള വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച റിയാദ് എയറുമായുള്ള സഹകരണം ആഡംബര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ അൽഉലയുടെ സവിശേഷതകൾ​ പ്രയോജനം നേടാൻ പ്രാപ്തമാക്കുന്നതാണെന്ന്​ അൽഉല റോയൽ കമ്മീഷൻ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ്​ ആൻഡ് മാർക്കറ്റിങ്​ സെക്ടർ വൈസ് പ്രസിഡൻറ് റാമി അൽ മുഅ്​ലം പറഞ്ഞു. ഇത് രാജ്യത്തിന്റെ ടൂറിസം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദമായ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2025 ന്റെ മധ്യത്തോടെ റിയാദ്​ എയർ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന്​ റിയാദ് എയർ മാർക്കറ്റിങ്​ ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻറ് ഉസാമ അൽ നുവൈസിർ പറഞ്ഞു. അപ്പോഴേക്കും പൂർണമായ സന്നദ്ധത കൈവരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഈ നടപടി വരും കാലയളവിൽ അൽഉല, റിയാദ് എയർ ഡെസ്റ്റിനേഷനുകൾക്ക് ശക്തമായ ഉത്തേജനം നൽകും. ഇത് രാജ്യത്തിലേക്കുള്ള ടൂറിസം ഒഴുക്ക് വർധിപ്പിക്കുമെന്നും അൽനുവൈസിർ പറഞ്ഞു.

അടുത്തിടെയാണ്​ റിയാദ് എയർ അതിന്റെ ഔദ്യോഗിക ലോഞ്ചിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്​. ആദ്യ വർഷത്തിൽ ആഗോള പങ്കാളികളുമായി നിരവധി കരാറുകളും പങ്കാളിത്തങ്ങളും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്​. പുതിയ ദേശീയ വിമാനക്കമ്പനി മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏകദേശം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version