കശ്മീര്‍: ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരില്‍ പര്യടനം തുടരവേയാണ് രാഹുലിന്‍റെ പ്രതികരണം.
“നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലിയ പ്രശ്‌നമില്ല. അവർ (കേന്ദ്രം) നിങ്ങളുടെ അവകാശം തട്ടിയെടുത്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കും”- ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിൽ ഉടനീളം വിവിധ തലങ്ങളിലുള്ള ആളുകളുമായി സംസാരിച്ചെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ തന്നോട് പങ്കുവച്ചെന്നും രാഹുൽ അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ ഭരണകൂടം ചെവിക്കൊള്ളുന്നില്ലെന്ന് അവർ പരാതി പറഞ്ഞതായി രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ജമ്മു കശ്മീരിലാണ്. എൻജിനീയർമാരും ഡോക്ടർമാരുമൊക്കെ ആകാൻ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. എന്നാൽ അവർക്ക് അതിന് സാധിക്കുന്നില്ല. സേനയിലേക്ക് നടക്കുന്ന റിക്രൂട്മെന്റായിരുന്നു ഇവിടെയുള്ളവരുടെ മറ്റൊരു തൊഴിൽ മാർഗം. അഗ്നിപഥ് പദ്ധതിയുടെ പേരിൽ സർക്കാർ ആ വഴി അടച്ചെന്നും രാഹുൽ പറഞ്ഞു.
2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ അസാധുവാക്കിയത്. തുടർന്ന് ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു.
അതിനിടെ രാഹുൽ ഗാന്ധി കാൽനടയായി തന്നെ ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യാത്രയ്ക്ക് സുരക്ഷ ഒരുക്കേണ്ടത് സേനയാണ്. സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കും. രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. യാത്രയുടെ പാതയിലും മാറ്റമുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര നിലവിൽ കശ്മീരിലാണ്. ജനുവരി 30ന് യാത്ര കശ്മീരിൽ സമാപിക്കും.