India

ബിഹാറിൽ റെയിൽവേ പാളം ആക്രി വിലയ്ക്ക് വിറ്റു

Published

on

സമസ്തിപുർ: റെയിൽ പാളം ആക്രി വിലയ്ക്ക് മറിച്ചു വിറ്റതിന് രണ്ട് റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബിഹാറിലെ സമസ്തിപുർ റെയിൽവേ ഡിവിഷനിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ആക്രി വിലയ്ക്ക് റെയിൽപാളം വിറ്റ സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടികൾ വിലമതിക്കുന്ന റെയിൽ ട്രാക്കാണ് ആക്രി ഇനത്തിൽ മറിച്ചു വിറ്റിരിക്കുന്നത്. ആർപിഎഫ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഈ നടപടിയുണ്ടായിരിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവം വാർത്തയായതിന് പിന്നാലെ തന്നെ വകുപ്പുതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിരുന്നു. അതിന് വേണ്ടി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ രണ്ട് ജീവനക്കാരേയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവസമയത്ത് റെയിൽവേയെ വിവരങ്ങൾ അറിയിക്കാത്തതിനാണ് ജഞ്ജർപൂർ ആർപിഎഫ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് റെയിൽവേ ഡിവിഷനിലെ ശ്രീനിവാസ്, മധുബാനിയിലെ ജമാദാർ മുകേഷ് കുമാർ സിംഗ് എന്നിവരുൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത് എന്ന് സമസ്തിപുർ റെയിൽവേ ഡിവിഷൻ ഡിവിഷണൽ മാനേജർ അശോക് അഗർവാൾ പറഞ്ഞു.

ലേലത്തിന് വെക്കാതെ തന്നെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ റെയിൽ ലൈൻ ആക്രിക്ക് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ഡിപ്പാർട്ടുമെന്റി ചില ആശങ്കകളും നിലനിൽക്കുന്നുണ്ടെന്നും ഡിആർഎം മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സമസ്തിപുർ റെയിൽവേ ഡിവിഷനിലെ പണ്ഡൗൾ സ്റ്റേഷൻ മുതൽ ലോഹത് ഷുഗർ മിൽ വരെയുള്ള ഭാഗം അടച്ചിട്ടിരിക്കുകയാണ്. ദർഭംഗ ആർപിഎഫ് പോസ്റ്റിന്റെയും റെയിൽവേ വിജിലൻസിന്റെയും സംഘമാണ് മുഴുവൻ കാര്യങ്ങളും അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version