Gulf

കുവൈറ്റില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; 25 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി, മന്ത്രി രാജിവച്ചതായി വ്യാജ വാര്‍ത്ത

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാദമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഹയര്‍സെക്കന്ററി വിഭാഗത്തിലെ ഗ്രേഡ് 12 ഇസ്ലാമിക് സ്റ്റഡീസ് ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷാ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും അത് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ആദില്‍ അല്‍ അദ് വാനി, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു കീഴിലെ പരീക്ഷാ പേപ്പര്‍ അച്ചടി ചുമതലയുള്ള സ്ഥാപനത്തിലെ 25 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതാദ്യമായാണ് പീരക്ഷാ പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ ഇത്ര ശക്തമായ നടപടി കുവൈറ്റില്‍ ഉണ്ടാകുന്നത്.

തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഇസ്ലാമിക് സ്റ്റഡീസ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് പരീക്ഷാ ദിവസം അതിരാവിലെ സോഷ്യല്‍ മീഡിയ ആപ്പായ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചത്. ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിന് മുമ്പായിരുന്നു ഇത്. അതുകൊണ്ടാണ് പ്രിന്റിംഗ് ചുമതലയുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രി ആദില്‍ അല്‍ അദ് വാനി ഖത്തറില്‍ നടക്കുന്ന ജിസിസി ഫോറത്തില്‍ പങ്കെടുക്കുന്നതിനായുള്ള നേരത്തേ നിശ്ചയിച്ച യാത്ര റദ്ദാക്കി. തുടര്‍ന്ന് ആദ്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഡ് ഓഫീസിലേക്കും പിന്നീട് പരീക്ഷാ പേപ്പറുകള്‍ അച്ചടിക്കുന്ന രഹസ്യ പ്രസിദ്ധീകരണശാലയിലേക്കും പോയി. അവിടെ വച്ച് പബ്ലിഷിംഗ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം പ്രസിദ്ധീകരണശാലയിലെ 25 ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഇവര്‍ക്കെതിരേ അന്വേഷണം പ്രഖായപിക്കുകയും സ്ഥാപനത്തില്‍ പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ബാക്കിയുള്ള വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ പരീക്ഷാ പേപ്പറുകള്‍ റദ്ദാക്കാനും മന്ത്രി ഉത്തരവിട്ടു. സംഭവത്തില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കാനും സമാനമായ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാനും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ പരീക്ഷാ പേപ്പര്‍ ചോരുന്നത് തടയാനും പരീക്ഷാ നടത്തിപ്പ് കുറ്റമറ്റമാക്കുന്നതിനുമായി ശക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സാങ്കേതിക ഡയറക്ടറേറ്റിനെ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.

അതിനിടെ, പരീക്ഷാ പേപ്പര്‍ ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ് വാനി രാജിവെച്ചുവെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും വാര്‍ത്ത തള്ളിക്കളയുന്നതായും കുവൈറ്റ് ഗവണ്‍മെന്റ് വക്താവ് അമര്‍ അല്‍ അജ്മി പറഞ്ഞു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ തേടാവൂ എന്നും അല്‍ അജ്മി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version