ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അബുദാബിയില്‍. ഊഷ്മള സ്വീകരണം നല്‍കി യുഎഇ പ്രസിഡന്റ്.
ഇന്ന് നടക്കുന്ന കണ്‍സല്‍റ്റേറ്റീവ് യോഗത്തില്‍ പങ്കെടുക്കാനാണ് അമീര്‍ അബുദാബിയില്‍ എത്തിയത്. യുഎഇ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് അമീറിന്റെ സന്ദര്‍ശനം. അബുദാബി പ്രസിഡന്‍ഷ്യല്‍ ഫ്ലൈറ്റിലെത്തിയ അമീറിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹസ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അമീറിനെ സ്വീകരിക്കാനെത്തിയിരുന്നു. ഖത്തറും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണ് അമീറിന്റെ സന്ദര്‍ശനം. കഴിഞ്ഞ നവംബറില്‍ ഖത്തര്‍ സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ദോഹയില്‍ എത്തിയിരുന്നു.