Gulf

ഹമാസിന് പിന്തുണയുമായി ഖത്തര്‍; സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന്

Published

on

ദോഹ: ഏറ്റവും പുതിയ ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഫലസ്തീനിലെ ഗാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമാസിന് പിന്തുണയുമായി ഖത്തര്‍. ഇപ്പോള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഈയിടെയായി ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പ്രകോപനങ്ങളുമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്ന് എത്തിച്ചതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ പോലീസിന്റെ സംരക്ഷണയില്‍ അല്‍-അഖ്സ പള്ളിയിലേക്ക് ഇസ്രായേലികള്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കു മേലുള്ള ഇസ്രാേയലിന്റെ തുടര്‍ച്ചയായ അതിക്രമങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്കു കാരണം. അതുകൊണ്ടു തന്നെ സംഘര്‍ഷങ്ങളിലുണ്ടായ വര്‍ധനവിന് ഉത്തരവാദി ഇസ്രായേല്‍ മാത്രമായിരിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടേണ്ട സമയമാണിതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ വിഷയത്തിലുള്ള അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കാനും ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ മാനിക്കാനും ഇസ്രായേലിനെ അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധിക്കേണ്ടതുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.

ഹമാസിന് പിന്തുണയുമായി ഇറാനും ലബനാനിലെ ഹിസ്ബുല്ലയും രംഗത്തുവന്നിട്ടുണ്ട്. ഹിസ്ബുല്ല ഗറില്ലകള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് തിരിച്ചടി നല്‍കിയതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും ഉടന്‍ തയ്യാറാവണമെന്ന് തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ഹമാസിന്റ സായുധ വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടുകയും അതിര്‍ത്തി ഭേദിച്ച് ഇസ്രായേല്‍ പ്രദേശത്ത് കടന്നുകയറി വ്യപാകരമായ ആക്രമണം നടത്തുകയും ചെയ്തത്. ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികരുള്‍പ്പെടെ 250ലേറെ ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിന് പ്രത്യാക്രമണമായി ഇസ്രായേല്‍ ഗസ പ്രദേശങ്ങള്‍ക്കെതിരേ നടത്തിയ ബോംബാക്രമണത്തില്‍ 250ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version