Gulf

ഫലസ്തീന്‍ പട്ടണം തുടച്ചുനീക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഖത്തറും സൗദിയും

Published

on

ദോഹ/ റിയാദ്: ഫലസ്തീനിലെ ഹവാര നഗരം തുടച്ചുനീക്കണമെന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ ആഹ്വാനത്തെ ഖത്തറും സൗദി അറേബ്യയും ശക്തമായ ഭാഷയില്‍ അപലപിച്ചു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും പ്രകോപനപരവുമാണെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ പ്രദേശത്ത് കൂടുതല്‍ അക്രമവും രക്തച്ചൊരിച്ചിലിനും മാത്രമേ ഉപകരിക്കൂ എന്നും ഇരു രാജ്യങ്ങളും പ്രസ്താവനയില്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്ന ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ വിവാദ ആഹ്വാനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതികരണം.

‘അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന അക്രമോത്സുക നയത്തിന്റെ തെളിവാണ് വിദ്വേഷകരവും പ്രകോപനപരവുമായ ഈ ആഹ്വാനം. ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ഇസ്ലാമിക, ക്രിസ്ത്യന്‍ ദേശങ്ങള്‍ക്കും വിശുദ്ധികള്‍ക്കും എതിരായ ഈ ചിട്ടയായ നയത്തിന്റെ ഫലമായുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍,’- മന്ത്രാലയം കുറ്റപ്പെടുത്തി. നിയമ ലംഘനങ്ങള്‍ തടയുകയും നിലവിലുള്ള സംരക്ഷണ സംവിധാനങ്ങള്‍ വിപുലീകരിക്കുകയും സജീവമാക്കുകയും ചെയ്യുന്നതുള്‍പ്പെടെ പലസ്തീന്‍ സിവിലിയന്‍ ജനതയെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

‘സഹോദരരായ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ അധിനിവേശ സ്ഥാപനം പ്രയോഗിക്കുന്ന വന്‍ അക്രമത്തെയും തീവ്രവാദത്തെയും പ്രതിഫലിപ്പിക്കുന്ന ഇത്തരം വംശീയവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായി’ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്, ഹുവാരയെക്കുറിച്ചുള്ള സ്‌മോട്രിച്ചിന്റെ അഭിപ്രായത്തെ ‘അക്രമത്തിനും ശത്രുതയ്ക്കും പ്രേരിപ്പിക്കുന്ന അവ്യക്തമായ പ്രസ്താവന’ എന്ന് അപലപിച്ചു.

രണ്ട് ഇസ്രയേലി സഹോദരങ്ങളെ കൊലപ്പെടുത്തിയതിന് പിന്നാലെ, അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമങ്ങളില്‍ തീവ്ര വലതുപക്ഷ കുടിയേറ്റക്കാര്‍ ഡസന്‍ കണക്കിന് ഫലസ്തീന്‍ വീടുകളും വാഹനങ്ങളും കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീന്‍ പട്ടണമായ ഹുവാരയെ തുടച്ചുനീക്കണമെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി മന്ത്രി ആഹ്വാനം ചെയ്തത്. ‘ഹുവാര ഗ്രാമം തുടച്ചുനീക്കപ്പെടേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേല്‍ രാഷ്ട്രം അത് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു,’- എന്നായിരുന്നു അധിനിവേശ വെസ്റ്റ് ബാങ്കില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്ന ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ വാക്കുകള്‍. തീവ്ര പക്ഷക്കാരായ ജൂയിഷ് പവര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ സ്വിക ഫോഗല്‍ 7,000-ത്തോളം ആളുകള്‍ താമസിക്കുന്ന ഹുവാരയിലെ ഇസ്രായേല്‍ അക്രമത്തെ സ്വാഗതം ചെയ്തതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version