Gulf

ഖത്തറും ചൈനയും കൂടുതല്‍ അടുക്കുന്നു; 18 പടുകൂറ്റന്‍ എല്‍എന്‍ജി കപ്പലുകള്‍ നിര്‍മിക്കാന്‍ 600 കോടി ഡോളര്‍ കരാര്‍

Published

on

ദോഹ: പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും. ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു. ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) നീക്കത്തിനാവശ്യമായ കൂറ്റന്‍ കപ്പലുകളുടെ നിര്‍മാണത്തിനാണ് ഖത്തറും ചൈനയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ക്യുസി-മാക്‌സ് വലിപ്പത്തിനുള്ള 18 അത്യാധുനിക കപ്പലുകളാണ് ചൈന ഖത്തറിനായി നിര്‍മിച്ചു നല്‍കുക.

ഇതിനായി ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷനുമായി ഖത്തര്‍ എനര്‍ജി ഒപ്പുവച്ചതായി ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് ഷെരിദ അല്‍ കഅബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്റെ കീഴിലുള്ള ഹുഡോംഗ് സോംഗ്ഹുവ ഷിപ്പ് ബില്‍ഡിംഗ് ഗ്രൂപ്പാണ് കപ്പല്‍ നിര്‍മിച്ചു നല്‍കുക. 600 കോടി ഡോളര്‍ ചെലവിലാണ് 18 കപ്പലുകള്‍ ഖത്തര്‍ എനര്‍ജിക്കായി ചൈന നിര്‍മിച്ചുനല്‍കുക. 2.71 ലക്ഷം ക്യൂബിക് മീറ്ററാണ് കപ്പലിന്റെ ശേഷി. ആദ്യ എട്ട് കപ്പലുകള്‍ 2028, 29 വര്‍ഷങ്ങളിലും, ബാക്കി 10 കപ്പലുകള്‍ 2030-31 വര്‍ഷങ്ങളിലുമായി ചൈന നിര്‍മിച്ചു നല്‍കാനാണ് കരാര്‍.

പ്രകൃതി വാതക വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറിനാണ് ഖത്തര്‍ എനര്‍ജിയും ചൈനീസ് കമ്പനിയും തമ്മില്‍ ഒപ്പുവെച്ചതെന്ന് സഅദ് ഷെരിദ അല്‍ കഅബി പറഞ്ഞു. നിലവില്‍ ഇതേ ചൈനീസ് കമ്പനി ഖത്തറിനായി സാധാരണ വലിപ്പത്തിലുള്ള 12 കപ്പലുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവയില്‍ ആദ്യ ബാച്ച് ഈ വര്‍ഷം മൂന്നാം പാദത്തോടെ ഖത്തറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ കപ്പല്‍ നിര്‍മാണ കരാര്‍ നിലവില്‍ വന്നതോടെ ഖത്തറിന്റെ പ്രധാന എല്‍എന്‍ജി ഉപഭോക്താക്കള്‍ കൂടിയായ ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023ല്‍ 17 ദശലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ചൈന ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്തത്. എല്‍എന്‍ജിക്കു പുറമെ, കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ (8.6 ദശലക്ഷം ടണ്‍), നാഫ്ത (2.3 ദശലക്ഷം ടണ്‍), എല്‍പിജി (2.2 ദശലക്ഷം ടണ്‍), ഹീലിയം (650 ദശലക്ഷം ഘന അടി), വളങ്ങള്‍, പോളിമറുകള്‍, രാസവസ്തുക്കള്‍ (1.6 ദശലക്ഷം ടണ്‍) എന്നിവയും ചൈനീസ് വിപണിയിലേക്ക് ഖത്തര്‍ വിതരണം ചെയ്തു.

ലോകത്തിലെ ഏറ്റവും ശുദ്ധമായ ദ്രവീകൃത പ്രകൃതി വാതകം ഉല്‍പ്പാദക രാജ്യമായ ഖത്തര്‍ എല്‍എന്‍ജി ഉല്‍പാദനത്തില്‍ 2030 ഓടെ വന്‍ കുതിച്ചു ചാട്ടത്തിനാണ് ലക്ഷ്യമിടുന്നത്. ഉല്‍പാദനം ഏതാണ്ട് ഇരട്ടിയായി വര്‍ധിപ്പിച്ച് 142 ദശലക്ഷം ടണിലെത്തിക്കാനാണ് പദ്ധതി. ഈ സാഹചര്യത്തിലാണ് എല്‍എന്‍ജി നീക്കത്തിനുള്ള കൂടുതല്‍ കപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

ചൈന നിര്‍മിച്ചു നല്‍കുന്ന കപ്പലുകള്‍ ഏറ്റവും നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതും പരിസ്ഥിതി സൗഹൃദവും ആയിരിക്കുമെന്ന് കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഹുഡോംഗ് ഷോംഗ്ഹുവ ഷിപ്പ്ബില്‍ഡിംഗ് (ഗ്രൂപ്പ്) കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ ചെന്‍ ജിയാന്‍ലിയാംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version