കറാച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. പെട്രോൾ – ഡീസൽ വില വർധനവിന് പിന്നാലെ ചിക്കനും പാലിനും വില ഇരട്ടിയാകുകയാണ്. സാമ്പത്തിക സ്ഥിതി തകർന്നതോടെ കറാച്ചിയിൽ ഒരു ലിറ്റർ പാലിൻ്റെ വില 190 രൂപയിൽ നിന്ന് 210 രൂപയായി ഉയർന്നു.
ഞെട്ടിക്കുന്ന രീതിയിൽ പാകിസ്താനിലെ നഗരങ്ങളിൽ ചിക്കൻ വില ഉയരുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോഴിയിറച്ചിക്ക് 30 – 40 രൂപവരെ വർധിച്ചതോടെ പലയിടത്തും കിലോയ്ക്ക് 480മുതൽ 500 രൂപവരെയായി ഉയർന്നു. ഈ മാസം ആദ്യം ലൈവ് ചിക്കൻ വില കിലോയ്ക്ക് 390 മുതൽ 440 രൂപ വരെയായിരുന്നുവെങ്കിൽ ജനുവരി അവസാനത്തോടെ 380 മുതൽ 420വരെയായി ഉയർന്നു.
ദിവസങ്ങൾക്ക് മുൻപ് ഒരു കിലോ ചിക്കന് 620 മുതൽ 650 രൂപവരെയായിരുന്നു. എന്നാൽ ഇപ്പോൾ 700 – 780 രൂപയ്ക്കാണ് പല പാക് നഗരങ്ങളിലും ചിക്കൻ വിൽപ്പന നടക്കുന്നതെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ബോൺലെസ് ചിക്കന് കിലോയ്ക്ക് ആയിരം മുതൽ 1,100 രൂപവരെയാണ്. 150 മുതൽ 200 രൂപവരെയാണ് ബോൺലെസ് ചിക്കന് ഈ ദിവസങ്ങളിൽ വില വർധിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ ആയിരത്തിലധികം കടയുടമകൾ വില കൂട്ടിയാണ് പാൽ വിൽക്കുന്നതെന്ന് കറാച്ചി മിൽക്ക് റീട്ടെയിലേഴ്സ് അസോസിയേഷൻ മീഡിയ കോ-ഓർഡിനേറ്റർ വഹീദ് ഗദ്ദി ആരോപിച്ചു. ഇത്തരം രീതിയിൽ കച്ചവടം നടത്തുന്നത് മൊത്തക്കച്ചവടക്കാരുടെയും കർഷകരുടെയും നിയന്ത്രണത്തിലുള്ള കടകളാണ്. തങ്ങൾ നിലവിൽ പാലിന് 190 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വിലയിലാണ് വിൽപ്പന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പാൽ വിലയും പാൽ ഉൽപ്പന്നങ്ങളുടെ വിലയും ഉയരുകയാണെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ക്ഷീരകർഷകരും മൊത്തക്കച്ചവടക്കാരും പ്രഖ്യാപിച്ച ഉയർന്ന വിലയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇന്ധവില ഉയരുന്നതാണ് പാകിസ്താനിലെ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. 1975ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ കടന്ന് പോകുന്നത്. വിദേശനാണ്യ ശേഖരം കുത്തനെ കുറഞ്ഞതും 2022ലെ വെള്ളപ്പൊക്കവുമാണ് രാജ്യത്തെ സാമ്പത്തികനില തകർത്തത്. പാകിസ്ഥാൻ രൂപയുടെ മൂല്യം തകരുന്നതും രാജ്യത്ത് പ്രതിസന്ധി ശക്തമാക്കുന്നുണ്ട്.