Gulf

കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; 12 പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍

Published

on

കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഒരേ രീതിയിലുള്ള തട്ടിപ്പാണ് ഇയാള്‍ എല്ലായിടങ്ങളിലും നടത്തിയതെന്ന് പോലിസ് പറഞ്ഞു. പോലിസ് സേനയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരിശോധനയ്ക്കായി ഫോണും പഴ്‌സും മറ്റും കൈക്കലാക്കുകയും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ കൊള്ളയ്ക്കിരയായ പ്രവാസികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഏറെ ശ്രമകരമായ തിരച്ചിലിനും അന്വേഷണത്തിനും ശേഷം മുപ്പത് വയസ്സ് പ്രായമുള്ള തൊഴില്‍രഹിതനാണ് ഇതിനു പിന്നിലെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി വല വിരിച്ച ഉദ്യോഗസ്ഥര്‍ അബു ഹലീഫ പ്രദേശത്ത് വെച്ച് മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പം പ്രതിയെ പിടികൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 ലധികം കവര്‍ച്ചകള്‍ നടത്തിയതായും ഇരകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും തുകയും കൈക്കലാക്കിയതായും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടിച്ച പണം മയക്കുമരുന്നിനായി ഉപയോഗിച്ചതായും ഇയാള്‍ പറഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അതിനിടെ, പ്രവാസികളെ ലക്ഷ്യമിട്ടുള്ള കവര്‍ച്ചകേസുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജഹ്‌റയില്‍ പ്രവാസിയായ ഡെലിവറി ബോയിയെ കൊള്ളയടിച്ച് ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഇനുബന്ധ ഉപകരണങ്ങളും കവര്‍ന്ന സംഘത്തിനെതിരേ പോലിസ് അന്വേഷണം നടന്നുവരികയാണ്. മൂന്നു പേര്‍ അടങ്ങിയ കൊള്ളസംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ജഹ്‌റയിലെ തൈമ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഡ്രസില്‍ അത് ഡെലിവറി ചെയ്യാന്‍ പോകുന്ന വഴിയിലാണ് പ്രവാസി യുവാവ് അക്രമത്തിന് ഇരയായത്. മൂന്ന് അജ്ഞാതര്‍ വഴിമധ്യേ തടഞ്ഞു നിര്‍ത്തുകയും ഓര്‍ഡര്‍ ചെയ്ത രണ്ട് മൊബൈല്‍ ഫോണുകളും മൊബൈല്‍ ചാര്‍ജിംഗ് ബാറ്ററിയും ഒരു ഇയര്‍ഫോണും സംഘം ബലമായി പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version