ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിന് ഖത്തറിലെ അല്‍ഖോറില്‍ ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കും.
ദോഹ എംബസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫുമായി (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സഹകരിച്ചാണ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഒരുക്കുന്നത്. അല്‍ ഖോറിലെ കോര്‍ ബേ റെസിഡന്‍സിയിലാണ് ക്യാമ്പ് നടക്കുക. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേ തൊഴില്‍ സംബന്ധമായ പരാതികളും നല്‍കാവുന്നതാണ്. പരാതികള്‍ രേഖാമൂലമാണ് നല്‍കേണ്ടത്. എംബസിയിലെ തൊഴില്‍, പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
അല്‍ ഖോറിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഇവിടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിക്കുന്നതെങ്കിലും എട്ടു മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കും. ഉച്ചയ്ക്ക് 11 മണി വരെയാണ് സേവനങ്ങള്‍ നല്‍കുക.
സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണം. സേവനത്തിനുള്ള ഫീസുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പിലുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഐസിബിഎഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സെപ്തംബര്‍ ഒന്നിന് ദുഖാനിലും ഐസിബിഎഫ് ഖത്തര്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഒരുക്കിയിരുന്നു. നിരവധി പ്രവാസികള്‍ സേവനം പ്രയോജനപ്പെടുത്തി. ദുഖാനിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ദോഹയിലെത്തി സേവനങ്ങള്‍ തേടുന്നതിനുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനില്‍ ക്യാമ്പ് സജ്ജമാക്കിയിരുന്നത്.