ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഇന്ത്യ-പാകിസ്താൻ (India Vs Pakistan) പോരാട്ടം ശനിയാഴ്ച അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. ബദ്ധവൈരികളായ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു ത്രില്ലർ തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
ഇതുവരെ 134 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 73 മത്സരങ്ങൾ ജയിച്ച പാകിസ്താന് വ്യക്തമായ മുൻ തൂക്കമുണ്ട്. ഏകദിനത്തിലെ നേർക്കുനേർ കണക്കിൽ പാകിസ്താനാണ് മുന്നിലെങ്കിലും ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്കാണ് മേധാവിത്വം. ഏകദിന ലോകകപ്പിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ, ഏഴ് തവണയും ഇന്ത്യയാണ് ജയിച്ചത്. ഇക്കുറിയും ഈ കുതിപ്പ് തുടരാൻ ഇന്ത്യ ഇറങ്ങുമ്പോൾ, ചരിത്രജയമാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്.
ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരങ്ങൾ ഇങ്ങനെ:
1992: ഇന്ത്യ 43 റൺസിന് വിജയിച്ചു
1996: ഇന്ത്യ 39 റൺസിന് വിജയിച്ചു
1999: ഇന്ത്യ 47 റൺസിന് വിജയിച്ചു
2003: ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു
2011: ഇന്ത്യ 29 റൺസിന് വിജയിച്ചു
2015: ഇന്ത്യ 76 റൺസിന് വിജയിച്ചു
2019: ഇന്ത്യ 89 റൺസിന് വിജയിച്ചു (ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം).
ഇന്ത്യ-പാകിസ്താൻ ഏകദിന മത്സരങ്ങളിലെ ഉയർന്ന ടീം സ്കോർ ഇന്ത്യയുടെ പേരിലാണ്. രണ്ട് തവണ ഇന്ത്യ 356 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സ്കോറിന്റെ നാണക്കേടും ഇന്ത്യയ്ക്ക് തന്നെയാണ്. 1978ൽ 79 റൺസിന് പുറത്തായതാണ് ഇത്. ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യ 228 റൺസിന് പാകിസ്താനെ കീഴടക്കിയിരുന്നു. ഇതാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ ഏറ്റവും വലിയ വിജയം.
ഇന്ത്യ-പാക് ഏകദിനങ്ങളിൽ കൂടുതൽ റൺസ് നേടിയ താരം ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറാണ്. 69 മത്സരങ്ങളിൽ 2526 റൺസാണ് സച്ചിന്റെ നേട്ടം. കൂടുതൽ സെഞ്ചുറി, അർധസെഞ്ചുറികൾ എന്നീ പട്ടികയിലും സച്ചിൻ തന്നെ ഒന്നാമത്. ഇന്ത്യ-പാക് ഏകദിനങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സയീദ് അൻവറിന്റെ പേരിലാണ്. 1997 ൽ ഇന്ത്യയ്ക്കെതിരെ നേടിയ 194 റൺസ് ഇന്നിങ്സാണിത്.
ഇന്ത്യ-പാക് ഏകദിനങ്ങളിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം പാകിസ്താന്റെ വസീം അക്രമാണ്. ഇന്ത്യക്കെതിരായ 48 ഏകദിനങ്ങളിൽ 60 വിക്കറ്റുകളാണ് അക്രം പിഴുതത്. 37 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ പാകിസ്താന്റെ ആക്വിബ് ജാവേദിന്റെ പേരിലാണ് ഒരിന്നിങ്സിലെ മികച്ച ബോളിങ് പ്രകടനം.