Gulf

പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം

Published

on

ദുബായ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനിലെ വ്യവസായികളും സമ്പന്നരും ദുബായിലേക്ക് കളംമാറിയതായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 20 മാസമായി ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍തോതില്‍ പണമിറക്കുക മാത്രമല്ല, യുഎഇയില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും ക്രമസമാധാന നില വഷളായതും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കള്ളപ്പണം നല്‍കുന്ന ബിസിനസുകാരില്‍ ഭയംവിതച്ചതായി പ്രമുഖ പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബിസിനസ് സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചുടവടുമാറ്റമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാകിസ്ഥാനിലെ പല വന്‍കിട വ്യവസായികളും തങ്ങളുടെ ബിസിനസ് ഭാഗികമായോ പൂര്‍ണമായോ ദുബായിലേക്ക് മാറ്റിയെന്ന് ദുബായില്‍ ബിസിനസുകളുള്ള കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകന്‍ അന്‍വര്‍ ഖവാജ പറഞ്ഞു. പാകിസ്ഥാനികള്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നത് കാര്യമാക്കാനില്ലെന്നും എന്നാല്‍ വ്യാപാര-ബിസിനസ് കേന്ദ്രം അവിടേക്ക് മാറ്റുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു. ബിസിനസുകാര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടെങ്കിലും രാജ്യത്തിന് വരുമാനവും ജനങ്ങള്‍ക്ക് ജോലിയും ഇത് നഷ്ടപ്പെടുത്തിയെന്നും അന്‍വര്‍ ഖവാജ അഭിപ്രായപ്പെട്ടു.

‘കയറ്റുമതിക്കും ഇറക്കുമതിക്കും അക്കൗണ്ട് തുറക്കുന്നതില്‍ പ്രശ്നമില്ലാത്തതിനാല്‍ ദുബായില്‍ നിന്ന് വ്യാപാരം നടത്തുന്നത് എളുപ്പമാണ്. അവര്‍ ദുബായില്‍ സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, പണമുണ്ടാക്കാനുള്ള പറുദീസയായ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍’-അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ ശക്തമായ പുതിയ സര്‍ക്കാര്‍ ഉടനടി രൂപീകരിക്കല്‍ മാത്രമാണ് അനിശ്ചിതത്വങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഏക മാര്‍ഗമെന്ന് വിശകലന വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് കമ്മ്യൂണിറ്റിയുടെ ആശങ്കകള്‍ നീക്കുന്നതിനും പുതിയ സര്‍ക്കാരിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version