ദുബായ്: ഓണാശംസകൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാന്‍ കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചിത്രം പങ്കുവെച്ചു. ഇൻസ്റ്റയിൽ ആണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. വാഴയിലയിൽ വിളമ്പിയ 24 വിഭവങ്ങളടങ്ങുന്ന പരമ്പരാഗത ഓണസദ്യയുടെ ചിത്രമാണ് അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവെച്ചത്. കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് ഏവർക്കും ആശംസകൾ എന്നാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തു ഇൻസ്റ്റയിൽ കുറിച്ചത്.
നേരത്തെയും മലയാളികൾക്ക് നിരവധി തവണ ആശംസകൾ നേർന്ന് അദ്ദേഹം എത്തിയിരുന്നു. ഹംദാൻ മാത്രമല്ല, യുഎഇ ഭരണാധികാരികൾ ആയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും മലയാളികൾക്കും ഇന്ത്യക്കാർക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. മലയാളികളും ഇന്ത്യക്കാരും എല്ലാ ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കുന്നവരാണ്. അത് ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ശരി.
പതിവായി പരിപാടികളിൽ പങ്കെടുത്ത് ഓണസദ്യ കഴിക്കുന്ന നിരവധി വിദേശികൾ ഉണ്ട്. പല സംഘടനകളും നാട്ടിൽ നിന്നും ഓണസദ്യ വരുത്തിയാണ് ഗൾഫിൽ പരിപാടികൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ഓണം ആയാൽ സ്വദേശികളും പരിപാടിക്കായി എത്താറുണ്ട്. പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, അമേരിക്കൻ, ആഫ്രിക്കൻ പൗരന്മാരും പലരും മലയാളികൾ നടത്തുന്ന ഓണാഘോഷ പരിപാടികളിൽ എത്താറുണ്ട്. എല്ലാവർക്കും സദ്യ തന്നെയാണ് നോട്ടം. ഓണക്കാലം ആയാൽ വിവിധ മാളുകളിൽ പട്ട് സാരി, ദാവണിയെല്ലാം ഉടുത്ത് അതിഥികളെ സ്വീകരിക്കുന്ന ഫിലിപ്പീനി സുന്ദരിമാരെ കാണാൻ സാധിക്കും . മലയാളികളെ പോലെ തന്നെ ഗൾഫ് രാജ്യങ്ങളിലും ഓണത്തിന് വലിയ ആഘോഷമാണ് നടക്കുന്നത്.