ദുബായ്: യുഎഇയില്‍ 228 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടും. അവസാനമായി 1796ലാണ് ഇത്രയും ദൈര്‍ഘ്യമുള്ള പകല്‍ യുഎഇയില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ദിവസം പകലിന് 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും ദൈര്‍ഘ്യം. ഈ വര്‍ഷം നേരത്തെയുള്ള വേനല്‍ അറുതിയാണ് (സോള്‍സ്‌റ്റൈസ്) ഇതിന് കാരണം.
ആകാശഗോളത്തിലെ ഖഗോളമധ്യരേഖയുമായി (സെലെസ്റ്റ്യല്‍ ഇക്വേറ്റര്‍) താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യന്‍ അതിന്റെ ഏറ്റവും വടക്ക് അല്ലെങ്കില്‍ ഏറ്റവും തെക്ക് ഭാഗത്തുള്ള ബിന്ദുവില്‍ എത്തുന്നതിനാണ് ഒരു അറുതി അഥവാ സോള്‍സ്‌റ്റൈസ് എന്നു പറയുന്നത്. ഒരു അര്‍ദ്ധഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും ഉള്ള പകലിനെ വേനല്‍ക്കാല അറുതി സൂചിപ്പിക്കുന്നു. ഈ പ്രതിഭാസം നടക്കുമ്പോള്‍ സൂര്യന്‍ ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായിരിക്കും ഉണ്ടാവുക. ഇത് അതാത് അര്‍ദ്ധഗോളത്തിനുള്ളിലെ ധ്രുവത്തില്‍ തുടര്‍ച്ചയായ പകലിന് കാരണമാകുന്നു. അതേസമയം, ശീതകാല അറുതി വര്‍ഷത്തിലെ ഏറ്റവും ചെറിയ പകലും ദൈര്‍ഘ്യമേറിയ രാത്രിയുമാണ് നല്‍കുക.
വേനല്‍ക്കാല അറുതിയില്‍ സൂര്യന്‍ അതിന്റെ വടക്കേ അറ്റത്തുള്ള ട്രോപിക് ഓഫ് കാന്‍സര്‍ എന്ന സ്ഥലത്താണ് നേരിട്ട്് തലയ്ക്കു മുകളില്‍ നില്‍ക്കുന്നത്. യുഎഇയുടെ തെക്കന്‍ പ്രദേശങ്ങള്‍ പോലുള്ള സൂര്യന് നേരിട്ട് തലയ്ക്ക് മുകളില്‍ വരുന്ന പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് നിഴല്‍ ഉണ്ടാകില്ല. ഉച്ചസമയത്തെ നിഴലുകള്‍ അറേബ്യന്‍ ഉപദ്വീപിലെങ്ങും ചെറുതായിരിക്കും. ഏറ്റവും ചെറിയ നിഴല്‍ വടക്കന്‍ അര്‍ധഗോളത്തിലുടനീളം അനുഭവപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ദൈര്‍ഘ്യമേറിയ പകലിലെ താപനില 41 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 26 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. പൊതുവെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും അല്‍ ജര്‍വാന്‍ വ്യക്തമാക്കി. ഈ മാസം 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള വേനല്‍ക്കാലത്തിന്റെ ആദ്യ പകുതി വരെ പകലിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കും. വേനല്‍ക്കാലത്തിന്റെ രണ്ടാം പകുതി ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 23 വരെ നീളും.