India

അർധനഗ്നമായ നിലയിൽ ഓഗ്രേയുടെ മൃതദേഹം കുളിമുറിയിൽ; കുത്തേറ്റത് കഴുത്തിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

Published

on

മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായിരുന്ന രുപാൽ ഒഗ്ര കൊല്ലപ്പെട്ടത് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലെന്ന് പോലീസ്. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്തം വാർന്ന നിലയിൽ കുളിമുറിയിൽ അർധനഗ്നയായ നിലയിലായിരുന്നു 23കാരിയെ കണ്ടെത്തിയത്.

യുവതിയുടെ മരണത്തിൽ ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം അത് വാളിനെ (35) പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരോൾ മിലിട്ടറി റോഡിലെ എൻജി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് യുവതിയെ ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച രാവിലെ 11.30നും ഉച്ചയ്‌ക്കും ഇടയിലാണ് ഒഗ്രേ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

മാലിന്യം ശേഖരിക്കാനും ശുചിമുറി വൃത്തിയാക്കാനുമുണ്ടെന്ന് പറഞ്ഞാണ് പ്രതി യുവതിയുടെ ഫ്ലാറ്റിലെത്തിയത്. വീട്ടിൽ യുവതി ഒറ്റയ്ക്കാണെന്ന് പ്രതി മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. മുൻപ് പരിചയമുണ്ടായിരുന്നതിനാൽ യുവതി വാതിൽ തുറന്നു നൽകി. വീടിനുള്ളിൽ കയറിയ പ്രതി അപ്രതീക്ഷിതമായി ആക്രമിച്ചതോടെ യുവതി എതിർത്തു. യുവതി ബഹളം വെച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. പിടിവലിക്കിടെ യുവാവിൻ്റെ മുഖത്തും കൈയിലും മുറിവേറ്റു. സംഭവശേഷം പ്രതി ഫ്ലാറ്റിലെ തറ കഴുകി. തുടർന്ന് ഓട്ടോലോക്ക് സംവിധാനം ഓൺ ചെയ്ത് വാതിലടച്ച് മടങ്ങി. രക്തം പുരണ്ട യൂണിഫോം കഴുകി വൃത്തിയാക്കി മറ്റൊരു വസ്ത്രം ധരിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങി. യൂണിഫോം ധരിച്ച് രാവിലെ ഡ്യൂട്ടിക്ക് എത്തിയ വിക്രം അത്‌വാൾ മറ്റൊരു ഡ്രസ് ധരിച്ച് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതോടെ ഇയാളെ പോലീസ് വിളിച്ചുവരുത്തി. മുഖത്തെയും കൈകളിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഞായറാഴ്ച രാവിലെ മുതൽ ഫ്ലാറ്റിൽ എത്തിയ നാൽപ്പതോളം പേരെയും ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു.

ആറുമാസത്തോളമായി ഹൗസിങ് സൊസൈറ്റിയിൽ ജോലി ചെയ്യുന്ന വിക്രം അത്‌വാളിന് മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ളതായി കണ്ടെത്താനായിട്ടില്ല. രുപാൽ ഒഗ്രയെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യയും ഇതേ ഹൗസിങ് സൊസൈറ്റിയിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ടെന്ന് ഡിസിപി നലവാഡെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version