അബുദാബി: ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച അബുദാബിയിലെ മലയാളി യുവ ദമ്പതികള്‍ക്ക് 3.25 ലക്ഷം രൂപ നഷ്ടമായി. കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം അപഹരിച്ചത്.
പ്രമോദിന് 7,747 ദിര്‍ഹവും (ഏകദേശം 1,75,000 രൂപ) രേവതിക്ക് 6,500 ദിര്‍ഹവും (ഏകദേശം 150,000 രൂപ) ആണ് നഷ്ടമായത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചപ്പോള്‍ തട്ടിപ്പിന് ഇരയാവുകയായിരുന്നു. ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
അബുദാബി അഡ്‌നോകിലാണ് പ്രമോദ് മോഹനന്‍ ജോലി ചെയ്യുന്നത്. ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ അടുത്ത കാലത്ത് തുറന്ന മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാനാണ് ഓണ്‍ലൈന്‍ ടിക്കറ്റിന് ശ്രമിച്ചത്. ഫെബ്രുവരി ഏഴിനാണ് സംഭവം.
ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച വെബ്‌സൈറ്റില്‍ ഒരാള്‍ക്ക് 150 ദിര്‍ഹം ആയിരുന്നു ടിക്കറ്റ് നിരക്ക്. അടുത്തതായി കണ്ട മ്യൂസിയം പ്രമോഷന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റ് നോക്കിയപ്പോള്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവ് കണ്ടു.
രണ്ട് ടിക്കറ്റുകള്‍ക്ക് ആകെ 149 ദിര്‍ഹമായിരുന്നു നിരക്ക് കാണിച്ചത്. ഇതു പ്രകാരം പെയ്‌മെന്റ് ചെയ്തപ്പോള്‍ ഒടിപി നമ്പര്‍ മൊബൈലിലേക്ക് വന്നു. അത് നല്‍കി കുറച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് അക്കൗണ്ടില്‍ പണമില്ലെന്ന സന്ദേശമെത്തി. വീണ്ടും ശ്രമിച്ചപ്പോള്‍ ഒടിപി ലഭിക്കുകയും അത് നല്‍കിയതോടെ ക്രെഡിറ്റ് ബാലന്‍സുണ്ടായിരുന്ന 7,747 ദിര്‍ഹം നഷ്ടപ്പെടുകയായിരുന്നു. യൂറോയിലാണ് പണം പോകുന്നതെന്ന് സന്ദേശത്തില്‍ നിന്ന് മനസിലായപ്പോഴേക്കും പണം നഷ്ടമായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു.
തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെടുകയും പരാതി നല്‍കുകയും ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്‌തെങ്കിലും നഷ്ടമായ പണം എങ്ങനെ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. പണം തിരിച്ചുനല്‍കാന്‍ കഴിയാതെ ബാങ്കും കൈമലര്‍ത്തി. മുസഫ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുമായി വരാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.
വീസ കാര്‍ഡ് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ബാങ്കുമായുള്ള ഇടപാട് ആയതിനാല്‍ ബാങ്കുമായി ബന്ധപ്പെടാനാണ് നിര്‍ദേശം ലഭിച്ചത്. മാര്‍ച്ച് രണ്ടിന് ലഭിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുമായി ബാങ്കിനെ സമീപിക്കാനാണ് അധികൃതര്‍ ഒടുവില്‍ നിര്‍ദേശിച്ചത്. യുഎഇയിലും സൗദിയിലും മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിന് ഇരായായ സംഭവങ്ങള്‍ സമീപകാലത്തായി പുറത്തുവന്നിരുന്നു.