ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിച്ച് ദുബായിയുടെ പുതിയ പ്രഖ്യാപനം. യുഎഇയിലേക്കുള്ള വിനോദ-ബിസിനസ് യാത്രകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ചു. ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പ് (ഡിഇടി) ആണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.
അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ (Dubai multiple entry visa) ലഭിക്കുന്നവര്‍ക്ക് ഇക്കാലയളവില്‍ ഇഷ്ടാനുസരണം യുഎഇയിലേക്ക് വരാനും പോകാനും സാധിക്കും. എന്നാല്‍ ഇത് സാധാരണ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പോലെ തന്നെ ചില നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. രാജ്യത്ത് പ്രവേശിച്ചാല്‍ 90 ദിവസം വരെയാണ് ഒരു വരവില്‍ ഇവിടെ തങ്ങാനാവുക. ആവശ്യമെങ്കില്‍ ഒരു തവണ കൂടി നീട്ടാവുന്നതാണ്. ഇങ്ങനെ 180 ദിവസം വരെ രാജ്യത്ത് താമസിക്കാം.
അഞ്ചു വര്‍ഷത്തിനിടെ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അപേക്ഷ സമര്‍പ്പിച്ച് 2-5 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിലെ പ്രോക്സിമിറ്റി മാര്‍ക്കറ്റ്‌സ് റീജ്യണല്‍ മേധാവി ബദര്‍ അലി ഹബീബ് പറഞ്ഞു. ബിസിനസുകാര്‍ക്ക് വാണിജ്യ സംബന്ധമായ യാത്രകള്‍ക്കും വിനോദസഞ്ചാരികള്‍ക്ക് ഒഴിവുസമയ യാത്രകള്‍ക്കും ഒന്നിലധികം എന്‍ട്രികളും എക്‌സിറ്റുകളും പ്രയോജനപ്പെടുത്താന്‍ കഴിയും.
2023ല്‍ ഇന്ത്യയില്‍ നിന്ന് 24.6 ലക്ഷം പേരാണ് ദുബായില്‍ സന്ദര്‍ശകരായി എത്തിയത്.
കൊവിഡ് കാലത്തിന് മുമ്പുള്ള കാലഘട്ടത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സഞ്ചാരികള്‍ രാജ്യത്തിന് ലഭിച്ചതും ഇന്ത്യയില്‍ നിന്നാണെന്ന് ഡിഇടിയുടെ ഏറ്റവും പുതിയ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം, ഇന്ത്യയില്‍ നിന്നുള്ള 18.4 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് നഗരം ആതിഥേയത്വം വഹിച്ചു.
യുഎഇ സന്ദര്‍ശിക്കുന്നവരുടെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ അസാധാരണമായ 34 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായെന്നും ഇക്കാലയളവില്‍ ഏറ്റവുമധികം സഞ്ചാരികളെ ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ദുബായ് ടൂറിസം മേഖലയുടെ റെക്കോഡ് പ്രകടനത്തിന് ഇത് സംഭാവന നല്‍കി.
ടൂറിസം വികസനത്തിന് പുറമേ സാമ്പത്തിക രംഗത്ത് ഡി 33 അജണ്ട (ദുബായ് ഇക്കണോമിക് അജണ്ട 2033) യുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നതില്‍ ഇന്ത്യ അവിഭാജ്യ പങ്കുവഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ്, നിക്ഷേപം, ടൂറിസം എന്നിവയുടെ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബദര്‍ അലി ഹബീബ് കൂട്ടിച്ചേര്‍ത്തു.