അബുദാബി: യുഎഇയില്‍ ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം). നാളെ നവംബര്‍ 15 ബുധനാഴ്ച മുതല്‍ നവംബര്‍ 18 ശനിയാഴ്ച വരെ രാജ്യത്ത് മഴയുണ്ടാടാവുമെന്നും മൂടിക്കെട്ടിയ ആകാശവും താപനിലയില്‍ വലിയ കുറവും പ്രതീക്ഷിക്കുന്നതായും എന്‍സിഎം അറിയിച്ചു.
ബുധനാഴ്ച, ഉച്ചയോടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴമേഖങ്ങള്‍ ദൃശ്യമാകും. മഴ പെയ്യാന്‍ സാധ്യതയുള്ള കടലിലും ദ്വീപുകളിലും രാത്രി മേഘങ്ങളുടെ അളവ് ക്രമേണ വര്‍ധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യത്തുടനീളം മഴമേഘങ്ങളുടെ അളവ് കൂടും. ഈ ദിവസങ്ങളില്‍ യുഎഇയുടെ കിഴക്ക്, വടക്ക് തീരങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാവും. വ്യത്യസ്ത തീവ്രതയിലുള്ള മഴയും മേഘങ്ങളും രൂപപ്പെട്ട ശേഷം വെള്ളിയാഴ്ച രാത്രിയോടെ ക്രമേണ ഇത് കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ശനിയാഴ്ച, യുഎഇയില്‍ ഉടനീളം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മൂടിക്കെട്ടിയ ആകാശത്തിനും മഴയ്ക്കും സാധ്യതയുണ്ട്. താപനിലയില്‍ ഈയാഴ്ച വലിയ കുറവുണ്ടാകും. തിങ്കളാഴ്ച രാവിലെ വരെ താപനില കുറയും. ഇന്നലെ രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.9 ഡിഗ്രി സെല്‍ഷ്യസ് ആണ്.
നേരിയതോ മിതമായതോ ആയ വടക്കുകിഴക്കന്‍ കാറ്റും പ്രതീക്ഷിക്കുന്നു. മേഘങ്ങള്‍ രൂപപ്പെടുന്ന പ്രദേശങ്ങളില്‍ പൊടിയും മണലും വീശുന്നതിന് കാരണമാകുകയും ചിലയിടങ്ങളില്‍ ശക്തമായി മാറുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധവും ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയ കാലാവസ്ഥയും ആയിരിക്കും.
ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ചില ഉള്‍പ്രദേശങ്ങളില്‍ അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും. ഉന്മേഷകദായകമായ നേരിയതോ മിതമായതോ കാറ്റിനൊപ്പം താപനില 15 ഡിഗ്രി സെല്‍ഷ്യസായി കുറയും. ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്ന് രാത്രി മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെടും.
എന്നാല്‍ അബുദാബിയില്‍ ഉയര്‍ന്ന താപനില 34 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 33 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തും. അബുദാബിയില്‍ 22 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 21 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 15 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയാം. ചില പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും.