Entertainment

ബാഫ്തയിലും നോളനിസം; ഏഴ് പുരസ്കാരങ്ങളുമായി ഓപ്പൺഹൈമർ, തൊട്ടുപിന്നാലെ പുവർ തിങ്സ്

Published

on

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ദീപിക പദുകോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം ഓപ്പൺഹൈമർ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടന്‍, മികച്ച സഹനടന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഓപ്പന്‍ഹൈമര്‍ നേടിയത്. നോളൻ, കിലിയൻ മർഫി തുടങ്ങിയവരുടെ ആദ്യ ബാഫ്തയാണിത്. ന്യൂക്ലിയർ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറഞ്ഞ സിനിമ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് വേദിയിൽ അഞ്ച് പുരസ്‌കാരങ്ങൾ നേടിയിരുന്നു.

എമ്മ സ്റ്റോണിൻ്റെ പ്രധാന കഥാപാത്രമാക്കി യോർഗോസ് ലന്തിമോസ് സംവിധാനം ചെയ്ത പുവർ തിങ്സ് അഞ്ച് പുരസ്‌കാരങ്ങൾ നേടി. മികച്ച നടി, വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡെയിൻ തുടങ്ങിയ വിഭാഗങ്ങളിലാണ് സിനിമയ്ക്ക് ബാഫ്ത പുരസ്‌കാരങ്ങൾ ലഭിച്ചത്.

ജോനാഥൻ ഗ്ലേസറിന്റെ ദി സോങ് ഓഫ് ഇന്ററസ്റ്റ് മികച്ച ബ്രിട്ടീഷ് സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. ദീപിക പദുകോണായിരുന്നു ഗ്ലേസറിന് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അനാട്ടമി ഓഫ് എ ഫോൾ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഫ്രഞ്ച് കോർട്ട്റൂം ഡ്രാമയായ അനാട്ടമി ഓഫ് എ ഫോൾ ഗ്ലോബ് വേദിയിലും ഏറെ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

മികച്ച അനിമേഷൻ ചിത്രം എന്ന വിഭാഗത്തിൽ ജാപ്പനീസ് ചിത്രമായ ദി ബോയ് ആൻഡ് ദി ഹെറോൺ പുരസ്‌കാരം നേടി. മികച്ച അനിമേഷൻ ചിത്രത്തിനുള്ള ബാഫ്ത നേടുന്ന ആദ്യ ജാപ്പനീസ് സിനിമയാണ് ദി ബോയ് ആൻഡ് ദി ഹെറോൺ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version